മാതൃഭാഷ ഹിന്ദിയെങ്കിലും മലയാളം പെരുത്തിഷ്ടം
ഇരിക്കൂര്‍: മറുനാട്ടില്‍നിന്നെത്തി മലയാള മണ്ണില്‍ അക്ഷരം എഴുതിപ്പഠിച്ച പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസുകളോടെ തിളക്കമാര്‍ന്ന വിജയം. മഹാരാഷ്ട്രയില്‍ നിന്നുള്ള കുടുംബത്തിലെ അംഗമായ മയൂരിയാണ് ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നേട്ടം സമ്മാനിച്ചത്. സത്താറ ജില്ലയില്‍ നിന്നുള്ള ഗണേഷ്-മനീഷ ദമ്പതികളുടെ മൂത്ത മകളാണ് മയൂരി.
ഹിന്ദി മാതൃഭാഷയായ ഒരു സംസ്ഥാനത്ത് നിന്ന് മലയാളക്കരയില്‍ എത്തി മലയാളത്തില്‍ പഠിച്ച പെണ്‍കുട്ടി ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസ് നേടിയത് സ്കൂള്‍ അധികൃതര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അത്ഭുതമായിട്ടുണ്ട്. കണക്കില്‍ മാത്രമാണ് മയൂരിക്ക് എ പ്ലസ് നഷ്ടമായത്. താന്‍ സാധാരണ രീതിയിലുള്ള പഠിനം മാത്രമേ നടത്തിയിട്ടുള്ളൂവെന്നാണ് മയൂരിയുടെ അഭിപ്രായം. രാത്രി ഉറക്കമിളച്ചു പഠിക്കുന്നതിനു പകരം നന്നായി കിടന്നുറങ്ങുകയാണ് പതിവ്. ഇതാണ് തന്റെ പഠന രഹസ്യമെന്ന് മയൂരി പറഞ്ഞു.
എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെ ഇരിക്കൂര്‍ റഹ്മാനിയ എല്‍.പി സ്കൂളിലായിരുന്നു. അഞ്ച് മുതല്‍ ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്. വായന ഇഷ്ടമുള്ള മയൂരിക്ക് മലയാളം കവിതകളും നോവലുകളുമാണ് ഏറെ ഇഷ്ടം. ഡോക്ടറാകണമെന്നാണ് മയൂരിയുടെ ലക്ഷ്യം. സ്കൂളില്‍ എസ്.പി.സി അംഗമാണ്. കലോത്സവങ്ങളിലും മയൂരി സജീവമാണ്. പതിനേഴു വര്‍ഷമായി മയൂരിയുടെ കുടുംബം ഇരിക്കൂറില്‍ വാടക വീട്ടിലായിരുന്നു താമസം. പെരുവളത്ത്പറമ്പില്‍ പുതുതായി നിര്‍മിച്ച സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു. മയൂരിയുടെ പിതാവ് ഗണേഷ് ലവ്ലി ഗോള്‍ഡ് കവറിങ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഏക സഹോദരന് അപ്പു ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."