അധ്യയന വര്‍ഷം രണ്ടാഴ്ച അകലെ: സ്‌കൂളുകള്‍ വര്‍ണ കൂട്ടുകളാല്‍ നിറയുന്നു
വടക്കാഞ്ചേരി: രണ്ട് മാസകാലത്തെ അവധിക്കാലത്തിന് സമാപനം കുറിച്ച് പ്രതീക്ഷയുടെ അധ്യയന വര്‍ഷം പിറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി. പറമ്പുകളും തൊടികളും കളിസ്ഥലങ്ങളുമൊക്കെ ആവേശമുഖരിതമായിരുന്ന സുന്ദര ദിനങ്ങളാണ് വിരലില്ലെണ്ണാവുന്നതായി മാറുന്നത്.
ജൂണ്‍ മാസം അടുത്തെത്തിയതോടെ വിപണിയോടോപ്പം സ്‌കൂളുകളും കൂടുതല്‍ മനോഹരമായി അണിഞ്ഞൊരുങ്ങുകയാണ്. നവാഗതരേയും മുന്‍ വര്‍ഷങ്ങളില്‍ പഠിച്ചിരുന്നവരേയുമൊക്കെ സ്വീകരിയ്ക്കാന്‍ വര്‍ണ ചാന്തുകള്‍ വിതറി സ്‌കൂളുകള്‍ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വാര്‍ഷിക അറ്റകുറ്റപണികളുടെ തിരക്കിലാണ് ഭൂരിഭാഗം വിദ്യാലയങ്ങളും.
പേരിനൊരു പെയിന്റടി മാത്രമാണു ഇത്രയുംകാലം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ചിത്രമാകെ മാറി കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓരോ ക്ലാസ് മുറികളും ഹൈടെക് പരിവേഷത്തിലേയ്ക്ക് വഴിമാറുകയാണ്. പഴയ ബ്ലാക്ക് ബോര്‍ഡും ഡെസ്റ്ററും കാലില്ലാത്ത ബെഞ്ചുകളുമൊക്കെ മറയുകയാണ്. പകരം ലാപ്പ്‌ടോപ്പും ഗ്രീന്‍ ബോര്‍ഡും പ്രൊജക്റ്ററുമൊക്കെ ക്ലാസുകളില്‍ സ്ഥാനം പിടിയ്ക്കുന്നു.
പരിഷ്‌കരിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അധ്യാപകര്‍ അധ്യാപക ശൈലിയിലും മാറ്റം വന്നു. നിരവധി ക്ലാസുകളില്‍ പങ്കെടുത്ത ശേഷമാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഇവര്‍ ക്ലാസുകളിലെത്തുക. ഇതിനുവേണ്ടിയുള്ള ശില്‍പ്പശാലകള്‍ കഴിഞ്ഞ ദിവസമാണ് പല ബി.ആര്‍.സികളിലും പൂര്‍ത്തിയായത്.
സ്‌കൂള്‍ ചുമരുകളില്‍ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ ഇടംപിടിച്ചുക്കഴിഞ്ഞു. ഛോട്ടാ ഭീമും വാള്‍ട്ട് ഡിസ്‌നിയും തുടങ്ങി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ഒരു നിര തന്നെ ചുമരുകള്‍ക്കു അലങ്കാരമാകുന്നു. അക്ഷരമാലയും ഭീമന്‍ ബലൂണുകളും ട്രെയിന്‍, കെ.എസ്.ആര്‍.ടി.സി ബസ് മോഡല്‍ എന്നിവയും ചുമരുകളുടെ സുന്ദര കാഴ്ച്ചയാണ്. ഇതോടൊപ്പം കുട്ടികളുടെ പഠന വിഷയങ്ങളും ചുമരുകളില്‍ നിറയുകയാണ്.
സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം ഈ അധ്യയന വര്‍ഷത്തെ മറ്റൊരു പ്രധാനകാഴ്ചയാണ്. ആദ്യകാലങ്ങളില്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകരാണ്ക കുട്ടി പിടുത്തത്തിന് ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളും ലഘുലേഖകളുമായി മത്സരത്തില്‍ കണ്ണികളാകുന്നു.
വിവിധ സ്‌കൂളുകള്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കിയും കൂടുതല്‍ ഹൈടെക്കാകുന്നു. യൂണിഫോം വില്‍പ്പന ശാലകളിലും ടൈലറിങ് കടകളിലും തിരക്കോടു തിരക്കാണ്. പല സ്‌കൂളുകളിലും വ്യാപാരികള്‍ നേരിട്ടെത്തി യൂണിഫോം ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി.
ഈ രംഗത്തും കടുത്ത മത്സരത്തിന്റെ വേദിയാണ്. ബാഗുകളും കുടയും നോട്ട് പുസ്തകങ്ങള്‍, പേന, പെന്‍സില്‍ തുടങ്ങി പഠനോപകരണങ്ങളുടെ ഒരു നിരയൊരുക്കിയാണു വ്യാപാരികളുടെ മത്സരം. ചുരുക്കത്തില്‍ കോടികളുടെ കിലുക്കമാണ് സ്‌കൂള്‍ വിപണിയില്‍ നിന്നുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."