യോഗിയുടെ ഭരണം തുടങ്ങി; കന്നുകാലിക്കടത്തുകാരോട് ദാക്ഷിണ്യം വേണ്ടെന്ന് നിര്‍ദേശം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അനധികൃത അറവുശാലകള്‍ പൂട്ടാനും കന്നുകാലിക്കടത്ത് തടയാനും കര്‍മ്മ പദ്ധതി തയാറാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യോഗി ആദിത്യനാഥിന്റെ പുതിയ ഭരണം സംസ്ഥാനത്ത് തുടങ്ങി. എന്നാല്‍ അദ്ദേഹം തയാറാക്കാന്‍ പറഞ്ഞ കര്‍മപദ്ധതി എങ്ങനെ നടപ്പാക്കുമെന്നാണ് നിര്‍ദേശം ലഭിച്ച പൊലിസുകാര്‍ ചോദിക്കുന്നത്. കന്നുകാലിക്കടത്ത് നടത്തുന്നവരോട് ഒരുതരത്തിലുള്ള ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നാണ് അദ്ദേഹം ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്‍കിയ ഉത്തരവ്.
സംസ്ഥാനത്ത് നിയമപരമായി നിരവധി അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി തയാറാക്കാന്‍ പറഞ്ഞ കര്‍മപദ്ധതിയില്‍ ഇത്തരത്തിലുള്ള അറവുശാലകള്‍ക്കെതിരായ നീക്കം നടന്നാല്‍ അത് നിയമപരമായ പ്രശ്‌നത്തിലേക്ക് നീങ്ങില്ലേയെന്നാണ് പൊലിസിനെ കുഴയ്ക്കുന്ന ചോദ്യം.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടുകയെന്നത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. ഇതിനിടയില്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യംചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആന്‍ഡി റോമിയോ സ്‌ക്വാഡ് എന്ന പേരിലാണ് പൊലിസ് പ്രവര്‍ത്തനം തുടങ്ങിയത്.
പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പാന്‍മസാല, പ്ലാസ്റ്റിക് തുടങ്ങിയവ നിരോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ ഡ്യൂട്ടി സമയത്ത് പാന്‍മസാല, ച്യൂയിംഗം എന്നിവ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ ഓഫിസുകളിലും സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പാന്‍ചവച്ച് തുപ്പിയതിന്റെ അടയാളങ്ങള്‍ കണ്ടതോടെയാണ് ഡ്യൂട്ടി സമയത്ത് ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."