സ്‌പെയിനില്‍ വീണ്ടും തൂക്കുസഭ
മാഡ്രിഡ്: ആറുമാസത്തിനിടെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിലും സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷമില്ല. ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി (പി.പി) കൂടുതല്‍ സീറ്റുകള്‍ നേടി ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാനായില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായ സര്‍വേകളെയും ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ആക്ടിങ് പ്രധാനമന്ത്രി മരിയാനൊ റജോയിയുടെ പീപ്പിള്‍സ് പാര്‍ട്ടിക്ക് 137 സീറ്റുകള്‍ ലഭിച്ചു. 33 ശതമാനം വോട്ടുകളാണ് പീപ്പിള്‍സ് പാര്‍ട്ടി നേടിയത്. സോഷ്യലിസ്റ്റുകള്‍ 23 ശതമാനം വോട്ടുകള്‍ നേടി 85 സീറ്റുകള്‍ പിടിച്ചെടുത്ത് രണ്ടാം സ്ഥാനത്തെത്തി. ഇടതുപക്ഷ കക്ഷിയായ പൊഡമോസ് 21 ശതമാനം വോട്ട് നേടി 71 സീറ്റുകളില്‍ വിജയിച്ചു. സിറ്റിസണ്‍ പാര്‍ട്ടി 32 സീറ്റുകളും മറ്റുള്ളവര്‍ 25 സീറ്റുകളും നേടി.
350 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 176 സീറ്റുകളാണ് വേണ്ടത്. നേരത്തെ നിലവിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പിന്തള്ളി ഇടതുപക്ഷമായ പൊഡമോസ് രണ്ടാമതെത്തുമെന്ന് അഭിപ്രായ സര്‍വേകളുണ്ടായിരുന്നെങ്കിലും അത് ശരിയായില്ല. കഴിഞ്ഞ ഡിസംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാലാണ് സ്‌പെയിനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാവുന്ന തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ഉണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കഴിഞ്ഞ തവണ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ നാലു പാര്‍ട്ടികള്‍ തമ്മില്‍ സമവായം രൂപപ്പെടാത്തതാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള മരിയാനൊ രജോയുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ സര്‍ക്കാരിനെതിരേ അഴിമതി ആരോപണവും ഉയര്‍ന്നതോടെ ഭരണപ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. രാജ്യത്ത് ഇത്തവണയും ചര്‍ച്ച ചെയ്തത് രൂക്ഷമായ തൊഴിലില്ലായ്മയാണ്. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യമായ സ്‌പെയിനില്‍ ബ്രിട്ടന്‍ ഹിതപരിശോധനയുടെ തൊട്ടടുത്ത ദിവസമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന കക്ഷികളാണ് പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും. അഴിമതി ആരോപണം പോപുലര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു. രജോയിക്കോ പോപുലര്‍ പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ലെന്ന് സോഷ്യലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യമാണ് യുവാക്കള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോപുലര്‍ പാര്‍ട്ടിക്ക് 122 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണ 15 സീറ്റുകളുടെ വര്‍ധനവ് ഭരണകക്ഷിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."