ടി.എസ് ജോണിന് നിയമസഭയുടെ ശ്രദ്ധാഞ്ജലി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ടി.എസ് ജോണിന്റെ നിര്യാണത്തില്‍ നിയമസഭ അനുശോചിച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെ ചേര്‍ന്ന സഭ ടി.എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ചശേഷം പിരിഞ്ഞു. കഴിവുറ്റ സാമാജികനും മികച്ച സ്പീക്കറുമായിരുന്നു ജോണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു.
നിയമനിര്‍മാണ രംഗത്തും ഭരണരംഗത്തും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന പാതയില്‍ സഞ്ചരിക്കാന്‍ മടിയില്ലാത്തയാളായിരുന്നു ടി.എസ്.ജോണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകസ്‌നേഹിയായിരുന്ന ജോണ്‍, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍കൂടിയായിരുന്നെന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വളരുംതോറും പിളരുന്ന കേരളാ കോണ്‍ഗ്രസില്‍ വ്യക്തിപരമായി ഒട്ടേറെ നഷ്ടംനേരിട്ട നേതാവായിരുന്നു ജോണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍മന്ത്രി പി.ജെ ജോസഫ്, കക്ഷിനേതാക്കളായ കെ.ബി ഗണേഷ്‌കുമാര്‍, ഒ. രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി ജോര്‍ജ്, എന്‍. വിജയന്‍പിള്ള എന്നിവരും ജോണിനെ അനുസ്മരിച്ചു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നു രാവിലെ ആരംഭിക്കും. വ്യാഴാഴ്ചവരെയാണു ചര്‍ച്ച. നാളെ രാവിലെ 9.30നു ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദേശക പത്രിക ഇന്നുച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ജൂലൈ ഒന്നു മുതല്‍ ഏഴുവരെ സഭ ചേരില്ല. എട്ടിനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."