നവകേരളം 2018: സന്ദര്‍ശകര്‍ക്കും പൊലിസാകാം; കുറ്റാന്വേഷണത്തില്‍ പങ്കുചേരാം
കൊല്ലം: കുടുംബസ്വത്ത് ഭാഗം ചെയ്യുന്നതിനെ സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. നാലു മക്കള്‍ക്കും തുല്യ അളവിലും ആകൃതിയിലും സ്ഥലം വീതിച്ചു കിട്ടണമെന്നതാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് പൊതുജനങ്ങള്‍ക്കും അരക്കൈ നോക്കാം. വെറുതെ വേണ്ട, സബ് ഇന്‍സ്‌പെക്ടറുടെ തൊപ്പിവച്ചു തലക്കനത്തോടെ ശ്രമിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന നവകേരളം 2018 പ്രദര്‍ശനത്തില്‍ കൊല്ലം സിറ്റി പൊലീസിന്റെ സ്റ്റാളിലെ ഗെയിം സോണിലാണ് തെല്ലു നേരത്തേക്കാണെങ്കിലും പൊലീസാകാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നത്.
കൊലപാതകത്തിനുശേഷം കൃത്യത്തിന് ഉപയോഗിച്ച ആയുധം പല കഷണങ്ങളായി നശിപ്പിച്ചു. ഇംഗ്ലീഷ് അക്ഷരമാലയിലെ ടിയുടെ ആകൃതിയുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്ടെടുത്ത കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ടി ആകൃതിയിലുള്ള ആയുധം പുനര്‍നിര്‍മിക്കാനുള്ളതാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി. വിജയികള്‍ക്ക് സമ്മാനമുണ്ടെങ്കിലും ഭൂരിഭാഗം പേരും സുല്ലിട്ടു മടങ്ങുകയാണ്.
സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ9001 അംഗീകാരം നേടിയ സിറ്റി പോലീസിന്റെ ചരിത്രവും നിലവിലെ പ്രവര്‍ത്തനങ്ങളും ആയുധ ശേഖരവുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളില്‍ മദ്യപാനത്തിനെതിരായ ബോധവല്‍ക്കരണവും പോക്‌സോ നിയമത്തെക്കുറിച്ചുമൊക്കെയുള്ള ബോധവല്‍ക്കരണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."