ദേശീയപാത ചാരുംമൂട്- മാങ്കാംകുഴി റോഡ്: കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നില്ല
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയുടെ ചാരുംമൂട് മുതല്‍ മാങ്കാംകുഴി വരെയുളള വശങ്ങളില്‍ അനധികൃത കൈയേറ്റങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു.
ഇതുവഴി ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും നിശ്ചിത ഇടവേളകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ വേണാടും, സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. ഏറെ തിരക്കുള്ള ഈ റോഡിന്റെ വശങ്ങളില്‍ അനധികൃതമായി നിര്‍മാണ സാമഗ്രികള്‍ ഇറക്കിയിട്ടും കച്ചവട സ്ഥാപനങ്ങള്‍ നിര്‍മിച്ചും കൈയേറിയ നിലയിലാണ്. ഇവ നീക്കം ചെയ്യണമെന്ന നിര്‍ദേശം പാലിക്കാന്‍ ആരും തയാറാകുന്നില്ല.
ഈ പാത ദേശീയപാത ആക്കിയതോടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. റോഡ് വശങ്ങളില്‍ ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ കൂടി വരുകയാണ്.
രണ്ട് വാഹനങ്ങള്‍ എതിര്‍ദിശകളില്‍ ഒരുമിച്ച് വന്നാല്‍ സൈഡ് കൊടുക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.
മാങ്കാംകുഴി നാലുമുക്ക് ജങ്ഷനില്‍ ഇത്തരത്തില്‍ റോഡ് വശം ചേര്‍ന്ന് നിലനിന്നിരുന്ന ഒരു ക്ലബിന്റെ കാത്തിരുപ്പ് കേന്ദ്രം പരാതികളെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമ നടപടി സ്വീകരിച്ച് പൊളിച്ച് മാറ്റുകയായിരുന്നു.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇവിടെ വിവിധ സംഘടനകള്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതോടെ വീണ്ടും അപകട ഭീക്ഷണിയായി. ഇവിടെ വളവു കൂടിയായതിനാല്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ദിനംപ്രതി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥിതിയിലായിരുന്നു.
വീണ്ടും പൊതുതാല്‍പര്യ ഹരജി നല്‍കിയതോടെ വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തു. ഈ ദേശീയപാതയുടെ വശത്തോട് ചേര്‍ന്ന് വര്‍ഷങ്ങളായി വിവിധ സാധന സാമഗ്രികള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ചിലര്‍ക്ക് ലഭിക്കുന്നതിനാല്‍ കൈയേറ്റം ഓരോദിവസവും കൂടിവരികയാണ്.
അടിയന്തിരമായി ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും തയാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."