കേസ് ഡയറി തുറന്നതായി ഇ.ഡി അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ കേസ് ഡയറി തുറന്നതായി മൂന്നര വർഷം മുമ്പ് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 2021 മെയ് 25ന് കേസ് ഡയറി തുറന്നതായാണ് ഹൈക്കോടതിയെ ഇ.ഡി അറിയിച്ചത്. കൊടകര സ്റ്റേഷനിൽ നിന്ന് 146/2021 നമ്പറിലെ കുറ്റപത്രം ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു.
2023 ജനുവരി 30ന് ഇ.സി.ഐ.ആർ (എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തുവെന്ന് ഇ.ഡി കേന്ദ്ര ഡയരക്ടറും കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറുമാണ് ഹൈക്കോടതിയെ അറിയിച്ചത്. 2024 മെയിലാണ് കൊടകര കുഴൽപ്പണക്കേസിൽ ഇ.സി.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ.ഡി അറിയിച്ചത്.
പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായും പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി അറിയിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ വിശദമായ ആന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊടകര പൊലിസ് ഇ.ഡിക്ക് കൈമാറിയ അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കേസിൽ ഇ.സി.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾ ഇ.ഡി ആരംഭിച്ചത്. ആഴത്തിൽ അന്വേഷണം നടത്തേണ്ട വിഷയമാണിതെന്നും പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
2021ഏപ്രിൽ നാലിനാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച കാർ ഒരുസംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച ബി.ജെ.പിയുടെ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണമാണ് ഇതെന്ന് പിന്നീടുള്ള പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."