സുരക്ഷാ മതില് നിര്‍മിക്കാത്തത് വീടിന് ഭീഷണിയാകുന്നു
മാനന്തവാടി: സുരക്ഷാ മതില് നിര്‍മിച്ച് നല്‍കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ അംഗീകരിക്കാത്തത് ഒരു കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. ഒണ്ടയങ്ങാടി-തൃശ്ശിലേരി റോഡില്‍ പൊട്ടപ്ലാക്കല് ഇസ്മായിലിന്റ വീട്ടിലേക്കാണ് കാലവര്‍ഷം ആരംഭിക്കുന്നതോടെ റോഡ് ഇടിഞ്ഞ് വലിയ കല്ലുകള്‍ ഉള്‍പ്പെടെ വീട്ട് മുറ്റത്തേക്ക് പതിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് റോഡ് ഇടിഞ്ഞ് കല്ലും മണ്ണും വീട്ട് മുറ്റത്തേക്ക് പതിച്ചത്. വലിയ കല്ലുകള്‍ മുറ്റത്തേക്ക് പതിക്കുകയായിരുന്നു ഈ സമയത്ത് ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ കുട്ടി മുറ്റത്ത് ഉണ്ടായിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
വീടിനുള്ളില്‍ ഇസ്മായിലിന്റെ മാതാവും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കുത്തനെ ഇറക്കവും കൊടും വളവുമുള്ള റോഡിലാണ് കാല വര്‍ഷം ആരംഭിക്കുന്നതോടെ മണ്ണിടിയുന്നത്.
ഇത് വലിയ അപകടങ്ങള്‍ക്കും കാരണമായി തീരും. കെ.എസ്.ആര്.ടി.സി ഈ റോഡിലുടെ രണ്ട് സര്‍വിസുകള്‍ നടത്തുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ അരിക് കൊടുക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. റോഡ് ഇടിഞ്ഞതിനാല്‍ തന്നെ രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടാനും സാധ്യത ഏറെയാണ് .
റോഡ് ഇടിയുന്നതിനാല്‍ തന്നെ വീട്ടുകാര്‍ വളരെ ഭീതിയോടെയാണ് കഴിയുന്നത്. സുരക്ഷാ മതില് നിര്മ്മിക്കണമെന്നാവശ്യപ്പെട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
നിരവധി വാഹനങ്ങള്‍ നിത്യേന കടന്ന് പോകുന്ന റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."