വയനാട്ടിലും നീലഗിരിയിലും കാലവര്‍ഷം ശക്തിപ്രാപിച്ചു
വയനാട്ടില്‍ 25 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, 5 വീടുകള്‍ തകര്‍ന്നു, 157 കര്‍ഷകര്‍ക്ക് കൃഷിനാശം
കല്‍പ്പറ്റഗൂഡല്ലൂര്‍: വയനാട്ടിലും നീലഗിരിയിലും കാലവര്‍ഷം കനത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുജില്ലയിലും രാവിലെ മുതല്‍ തോരാ മഴയായിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ വയനാട്ടിലെ അങ്കണവാടി മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്നലെയും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലെ പലയിടങ്ങളും ഇന്നലെ വെള്ളത്തിനടിയിലായി. പനമരം കബനിപ്പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലായി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 25 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 157 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. മഴ ശക്തമാവാന്‍ സാധ്യതയുള്ളതിനാലാണ് ഇന്നുകൂടി ജില്ലയിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.പുല്‍പ്പള്ളി പാളക്കൊല്ലി പണിയ കോളനിയിലെ 14 കുടുംബങ്ങളിലായി 49 പേരെ പുല്‍പ്പള്ളി വിജയ എല്‍.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുല്‍പ്പള്ളി വില്ലേജിലെ മാടല്‍പ്പാടി കോളനിയിലെ രണ്ട് കുടുംബങ്ങളിലായി 12 പേരെ മാടല്‍പ്പാടിയിലെ സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചീരാല്‍ വില്ലേജിലെ വെള്ളച്ചാലില്‍ ഒമ്പത് കുടുംബങ്ങളിലായി 29 പേരെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മൂപ്പൈനാട് വില്ലേജില്‍ രണ്ട്, കുപ്പാടിത്തറയില്‍ ഒന്ന്, കോട്ടപ്പടി വില്ലേജില്‍ ഒന്ന്, മുട്ടില്‍ സൗത്തില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 25.20 ഹെക്ടറിലായി 157 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. 62, 62,500 രൂപയുടെ നാശനഷ്ടം കണക്കാക്കി. പൂത്തൂര്‍വയല്‍ വിനായകില്‍ നീലാംബരി സജികുമാറിന്റെ വീടിന്റെ സിറ്റൗട്ടും മതിലും കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തകര്‍ന്നു.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ രണ്ട് ദിവസമായി കനത്ത മഴയാണ്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കനത്ത മഴകാരണം ജനജീവിതം ദുസ്സഹമായിട്ടുണ്ട്. പലഭാഗങ്ങളിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നും ശക്തമായ മഴ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ സാധ്യതയുണ്ട്. ഗൂഡല്ലൂരില്‍ 53 മി.മീറ്റര്‍ മഴയും ദേവാലയില്‍ 64 മി,മീറ്റര്‍ മഴയുമാണ് വര്‍ഷിച്ചത്. വയനാട്ടില്‍ ജൂണ്‍ മാസം പാതി പിന്നിട്ടിട്ടും മഴ ശക്തമാവാത്തതിന്റെ ആശങ്കള്‍ക്ക് വിരമാമമിട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തത്.
കാലവര്‍ഷം തുടങ്ങിയതിന് ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച മഴയായിരുന്നു ഇന്നലെ മിക്കയിടങ്ങളിലും. അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴയുടെ അളവ് കുറവാണ്. 2015 ജൂണ്‍ മാസം 767 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ജൂണ്‍ 27 വരെയുള്ള കണക്കനുസരിച്ച് 560 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഇക്കൊല്ലം ഇതുവരെ ലഭിച്ച കൂടിയ മഴ ജൂണ്‍ 23നാണ.് അന്ന് ജില്ലയില്‍ 78 മില്ലിമീറ്റര്‍ മഴ പെയ്തു. അതേ സമയം 26ന് 12 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ജില്ലയില്‍ 106 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."