പ്ലാന്റ് വിഷയത്തില്‍ ചട്ടങ്ങള്‍ പാലിക്കും: കലക്ടര്‍
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഭൂഗര്‍ഭ ജലവിഭവ വകുപ്പും നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ പാലിക്കുമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദ് അലി. പ്ലാന്റ് അടച്ചുപൂട്ടലല്ല പരിഹാരമാണ് ആവശ്യം. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധന നടത്തിയിട്ടുണ്ടെന്നും കുടിവെള്ളപ്രശ്‌നം ഉള്ളിടങ്ങളില്‍ ജലവിതരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. രാമന്തളി മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവിക അക്കാദമിയില്‍ രണ്ടാമത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും ഇതിനായുളള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞതായും നാവിക അക്കാദമി കമാന്റിങ് ഓഫിസര്‍ കൊമ്മഡോര്‍ കമലേഷ് കുമാര്‍ പറഞ്ഞു. നിലവിലെ പ്ലാന്റ് 70 ശതമാനവും പ്രവര്‍ത്തനക്ഷമമാണ്. വരും വര്‍ഷങ്ങളില്‍ അക്കാദമിയുടെ പ്രവര്‍ത്തന ബാഹുല്യം കൂടുതലാകുമെന്ന കാര്യം കണക്കിലെടുത്ത് നേരത്തെ ഇക്കാര്യം ആലോചിച്ചിരുന്നു. രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. മാലിന്യപ്രശ്‌നം സംബന്ധിച്ച് പരാതി അറിയിക്കാന്‍ ഒരു നമ്പര്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ നേരിട്ട് പരാതി ലഭിച്ചിരുന്നില്ലെന്നും കമലേഷ് കുമാര്‍ പറഞ്ഞു.
അഞ്ചു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കുടിവെള്ളം പരിശോധിച്ചതായും അളവില്‍ കൂടുതല്‍ കോളി ഫോം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ഡി.എം.ഒ ഡോ.നാരായണ നായ്ക് പറഞ്ഞു. പി.ആര്‍ ചേമ്പറില്‍ സി. കൃഷ്ണന്‍ എം.എല്‍.എ, ഡിഫന്‍സ് പി.ആര്‍.ഒ ശ്രീധര്‍ വാര്യര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."