ലൈസന്‍സില്ലാത്ത കുട്ടികള്‍ ബൈക്കോടിക്കുന്നത് രക്ഷിതാക്കള്‍ ജാഗ്രതൈ.. ! ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും
കാസര്‍കോട്: വാഹനങ്ങളോടിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത മക്കളെ ബൈക്കും മറ്റു വാഹനങ്ങളും നല്‍കി മാര്‍ക്കറ്റിലും ബന്ധുവീട്ടിലും പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ ജാഗ്രതൈ. നിങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരിക ഒരു വര്‍ഷം വരെയാണ്.
നിയമങ്ങള്‍ കാറ്റില്‍പറത്തി ബൈക്കോടിക്കുന്ന'കുട്ടി ഡൈവര്‍മാരെ ' പിടികൂടാന്‍ പൊലിസ് വിരിക്കുന്ന വലയില്‍ വീഴുന്നവരുടെ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരേ കാസര്‍കോട് പൊലിസ് ചുമത്തുന്നതു ഒരു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ്. ബൈക്കോടിക്കുന്ന കുട്ടികള്‍ക്കെതിരേ കേസെടുത്താല്‍ അതുണ്ടാക്കുന്ന മാനസിക-സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പൊലിസ് രക്ഷിതാക്കള്‍ക്കെതിരേ കടുത്ത വകുപ്പുകളില്‍ കേസെടുക്കുന്നത്.
ഇത്തരത്തില്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ 15 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ജില്ലയിലെ കുട്ടി ഡ്രൈവര്‍മാരുടെ ബൈക്കോട്ടം ഇല്ലാതാക്കാന്‍ പൊലിസ് തുടക്കത്തില്‍ വാഹന പരിശോധനയ്ക്കിടെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബോധവല്‍ക്കരണം കഴിഞ്ഞും ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുന്നവര്‍ക്കെതിരേയാണ് പൊലിസ് മൂന്നു ദിവസമായി കടുത്ത നടപടികളിലേക്ക് നീങ്ങിയത്. പിടിയിലാവുന്ന കുട്ടി ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേയാണ് കേസെടുക്കുന്നത്.
പിഴ ചുമത്താവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്തല്ല പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനത്തിന്റെ ഉടമക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക.
കേസില്‍ സ്‌റ്റേഷനില്‍നിന്ന് ആള്‍ജാമ്യം ലഭിക്കുമെങ്കിലും കോടതിയില്‍നിന്ന് ചുരുങ്ങിയത് ഒരു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളും ആവശ്യമായ ഉപവകുപ്പുകളും ചേര്‍ത്താണ് പൊലിസ് കേസെടുക്കുന്നത്.
വാഹനമോടിക്കാനുള്ള പ്രായം ആയിട്ടില്ലാത്ത മക്കളെ ബൈക്ക് കൊടുത്ത് അത്യാവശ്യകാര്യങ്ങള്‍ക്കു പോലും വീട്ടില്‍നിന്നും പറഞ്ഞയക്കും മുന്‍പ് ഓര്‍ക്കുക ജില്ലയിലെ പൊലിസിന്റെ പിടിവീണാല്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും.
വാഹന ഉടമ വിദേശത്തോ മറ്റോ ആണെങ്കില്‍ നാട്ടിലുള്ള രക്ഷിതാക്കളുടെ പേരില്‍ കേസെടുക്കുന്ന രീതിയും പൊലിസ് പിന്തുടരുന്നുണ്ട്.
വകുപ്പുകള്‍
മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടം വരുത്തുന്ന രീതിയില്‍ മനപൂര്‍വം വാഹനമോടിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക. അവര്‍ക്ക് അതിനുള്ള വാഹനം ഉപയോഗിക്കാന്‍ നല്‍കുക. തുടങ്ങിയ വിവിധ വകുപ്പുകളും ഉപവകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
വിവിധ വകുപ്പുകളിലായി ഒരു വര്‍ഷം തടവും 3000 രൂപവരെ പിഴയും ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."