കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നാളെ
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. വരണാധികാരിയായ കലക്ടര്‍ പി ബാലകിരണിന്റെ മേല്‍നോട്ടത്തില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സമീറിനെതിരേ എല്‍.ഡി.എഫ് നല്കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു രാജി. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ രാഗേഷിനെ മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചിരുന്നു. സി സമീറിനെ തന്നെ മത്സരിപ്പിക്കാന്‍ മുസ്ലിംലീഗ് കോര്പറേഷന് കമ്മിറ്റി യോഗവും തീരുമാനിച്ചു. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ രാഗേഷുമാണുള്ളത്. രാഗേഷിന്റെ പിന്തുണയോടെയാണു സി.പി.എമ്മിലെ ഇ.പി ലത മേയറായത്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിട്ടുനിന്നു. വോട്ടെടുപ്പില്‍ തുല്യനിലയിലായതോടെ നറുക്കെടുപ്പിലൂടെ സി സമീറിനു സ്ഥാനം ലഭിക്കുകയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരില്‍ എട്ടില്‍ ഏഴു സ്ഥാനവും യു.ഡി.എഫിനാണ്. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം അവര്‍ക്കു ലഭിക്കുമെങ്കിലും മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മാറ്റമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."