സഊദിയില്‍ ബിനാമി ബിസിനസ്: സ്വദേശിക്കും വിദേശിക്കും തടവും പിഴയും
ജിദ്ദ: ബിനാമി ബിസിനസ് നടത്തിയ കേസില്‍ സഊദി പൗരനെയും ചൈനക്കാരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമിയായി ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുന്നതിന് വിദേശിക്ക് കൂട്ടുനിന്ന സഊദി പൗരന്‍ സാമി ബിന്‍ അവദ് ബിന്‍ ഉവൈനാന്‍ അല്‍ അനസിക്കും സ്ഥാപനം നടത്തിയ ചൈനക്കാരന്‍ ലിയോ ജിന്‍ ബുംഗിനും രണ്ടു ലക്ഷം റിയാല്‍ പിഴയാണ് ചുമത്തിയത്.
വിദേശിക്ക് രണ്ടു മാസം തടവും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശിയെ നാടു കടത്തുന്നതിനും തൊഴില്‍ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.
ബിനാമി സ്ഥാപനം അടച്ചു പൂട്ടുന്നതിനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സഊദി പൗരന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമ ലംഘകര്‍ക്കുള്ള ശിക്ഷയും അവര്‍ നടത്തിയ നിയമ ലംഘനവും അവരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.
അനധികൃത രീതിയില്‍ പത്തു ലക്ഷം റിയാല്‍ വിദേശത്തേക്ക് കടത്തുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ചൈനക്കാരന്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഊദി പൗരന്റെ പേരും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ഉപയോഗിച്ച് വിദേശി ബിനാമിയായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തുന്നതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."