മലയോരത്ത് വ്യാപക ഉരുള്‍പൊട്ടല്‍ കാപ്പിമല, വൈതല്‍ കുണ്ട്, മഞ്ഞപ്പുല്ല്, നൂലിട്ടാമല എന്നിവിടങ്ങളില്‍ വന്‍ നാശം
ആലക്കോട്: ഉരുള്‍പൊട്ടലില്‍ മലയോര മേഖലയില്‍ വ്യാപക നാശം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു കാപ്പിമല ഫര്‍ലോങ് കരയില്‍ ഉരുള്‍പൊട്ടിയത്. മിനുട്ടുകളുടെ വ്യത്യാസത്തില്‍ വൈതല്‍കുണ്ടിലും മഞ്ഞപ്പുല്ലിലും ഉരുള്‍പൊട്ടി. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മലവെള്ളം കുത്തിയൊഴുകി. ഫര്‍ലോങ്ങ് കരയിലെ തോയന്‍ ബാലന്റെ പശുതൊഴുത്തും വീടിന്റെ അടുക്കള ഭാഗവും മലവെള്ളപാച്ചിലില്‍ ഒലിച്ചു പോയി. നടുവിലേടത്ത് കൃഷ്ണന്‍ കുട്ടിയുടെ വീടിനുള്ളില്‍ ഒരാള്‍ പൊക്കത്തില്‍ കല്ലും മണ്ണും നിറഞ്ഞു. നിരവധി വളര്‍ത്തു മൃഗങ്ങളെ കാണാതായി. ഒറ്റതൈ കാപ്പിമല റോഡിലെ ഫര്‍ലോങ്ങ്കര അങ്കണവാടിക്കു സമീപമുള്ള കലുങ്ക് പൂര്‍ണമായും തകര്‍ന്നു. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. കാപ്പിമല വൈതല്‍കുണ്ടിലെ ഊരാചാലില്‍ സജിയുടെ വീട് തകര്‍ന്നു. മുതുപുന്നക്കല്‍ സജി, ലീലാമ്മ, അഗസ്റ്റിന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പതിനഞ്ച് ഏക്കറോളം കൃഷിയിടം പൂര്‍ണമായും നശിച്ചു. അയ്യായിരത്തോളം വാഴയും 800 റബറും നശിച്ചവയില്‍ ഉള്‍പ്പെടുന്നു. പാത്തന്‍പാറ നൂലിട്ടാമലയിലും കുടിയാന്മലയിലും ഉരുള്‍ പൊട്ടി. പാത്തന്‍ പാറയിലെ കുമ്പിടിയാമാക്കല്‍ തങ്കച്ചന്‍, കവിയില്‍ റോയ്, തെക്കേ തോട്ടപ്പുറം ഷാജി എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂലിട്ടാമലയിലെ തെക്കേതോട്ടപ്പുറം കുഞ്ഞൂട്ടിയുടെ കൃഷിയിടം പൂര്‍ണമായും നശിച്ചു. മലയോരത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. തഹസില്‍ദാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി കാടന്‍കാവില്‍, സി.പി.എം നേതാക്കളായ കെ.എം ജോസഫ്, പി.വി ബാബുരാജ്, കെ.പി സാബു, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യന്‍, സി മോഹനന്‍, മുസ്‌ലിം ലീഗ് നേതാവ് വി.എ റഹിം തുടങ്ങിയവര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മഴ തുടരുന്നതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."