രണ്ടാം വാര്‍ഷികത്തിലും സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെ സര്‍ക്കാര്‍
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് സംസ്ഥാനം.
വരവ് കുറഞ്ഞതും അതിന് ഇരട്ടിയായി ചിലവ് വര്‍ധിച്ചതുമാണ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയാതായത്. ജി.എസ്.ടി വന്നതോടെയാണ് സര്‍ക്കാരിന്റെ പ്രധാന നികുതി വരുമാനം ഇല്ലാതായത്.
ചെലവ് ചുരുക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ രണ്ടുവര്‍ഷം കൊണ്ട് ഏതാണ്ട് 13,000 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഈ സര്‍ക്കാരിന്റെ ആദ്യബജറ്റിനൊപ്പം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍വച്ച ധവളപത്രം വെളിപ്പെടുത്തിയതിലും മോശമാണ് ഇപ്പോഴത്തെ സ്ഥിതി.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ട്രഷറി ഞെരുക്കത്തിലാണ്. ബില്‍ മാറി നല്‍കുന്നതിന് പലതവണ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെലവ് കുതിച്ചുയരുകയാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പ്രഖ്യാപിച്ച ഡി.എ കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല.
ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടം എടുക്കേണ്ട അവസ്ഥയുണ്ടായി. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 87,032 കോടിയായിരുന്നു ചെലവ്. ഇടതുസര്‍ക്കാരിന്റെ ആദ്യവര്‍ഷം ചെലവ് 1,02,383 കോടിയായി. ഇക്കൊല്ലം വീണ്ടും അത് കൂടും. ശമ്പളകമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയതോടെ ശമ്പളം, പെന്‍ഷന്‍ ഇനത്തിലെ ചെലവ് 20 ശതമാനത്തിലേറെ കൂടി.
അനിവാര്യമായതിനാലാണ് ആരോഗ്യ, വിദ്യാഭ്യാസമേഖലകളില്‍ 13,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ജി.എസ്.ടി വരുമ്പോള്‍ നികുതി വരുമാനം 20,25 ശതമാനം കൂടുമെന്ന പ്രതീക്ഷ പാളി. എന്നാല്‍ ഫെബ്രുവരിയില്‍ 1,407 കോടിയായിരുന്ന ജി.എസ്.ടി വരുമാനം മാര്‍ച്ചില്‍ 1,600 കോടിയായി ഉയര്‍ന്നു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ധനമന്ത്രി ടി.എം തോമസ് ഐസക് കൊണ്ടുവന്ന ഒറ്റമൂലിയായ കിഫ്ബിയില്‍ ഇപ്പോഴും സര്‍ക്കാര്‍വിഹിതമേ ഉള്ളൂ. എന്നാല്‍ ഇക്കൊല്ലം 10,000 കോടിരൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നു.
കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഉടക്കിട്ടു. കിട്ടാക്കടം കുറയ്ക്കാതെ അനുമതി നല്‍കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ സര്‍ക്കാര്‍ മൂലധനമിറക്കാതെ കേരളബാങ്ക് യാഥാര്‍ഥ്യമാവില്ലെന്ന് ഉറപ്പായി. കേരളബാങ്കില്‍ 1,000 കോടി നിക്ഷേപിക്കുമെന്നും ഇക്കൊല്ലം തന്നെ ബാങ്ക് തുറക്കുമെന്നും ധനമന്ത്രി പറയുന്നു.
അതിനിടെ അനിയന്ത്രിതമായി ഡീസല്‍, പെട്രോള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്നു വയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രഖ്യാപനമെങ്കിലും സാമ്പത്തിക പ്രതിസന്ധി കൂട്ടാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്തിന് മുടക്കം കൂടാതെ കിട്ടുന്ന ഇന്ധന നികുതി എന്തായാലും സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ സാധ്യതയില്ല. അതേസമയം, സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ചെലവ് ചുരുക്കിയാണ് കൊണ്ടാടുന്നത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ പദ്ധതികളുടെയും പ്രഖ്യാപിച്ച പദ്ധതികളുടെയും ഉദ്ഘാടനവും, സംസ്ഥാനത്തിന്റെ തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും മറ്റും മാത്രമേ നടക്കുന്നുള്ളൂ. എന്തായാലും ഈ വര്‍ഷം പുതിയ പദ്ധതികള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."