ശിക്ഷാ ഇളവിനുള്ള സർക്കാർ പട്ടികയില്‍ ടി.പി കേസ് പ്രതികളും മുഹമ്മദ് നിസാമും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും.വിവരാവകാശ പ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്,മനോജ്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ആദ്യം വിട്ടയക്കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍ അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓംപ്രകാശ്, കാരണവർ വധക്കേസ് പ്രതി ഷെറിൻ എന്നിവരും പട്ടികയിലുണ്ട്.
നിഷാമിനെ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാൽ, സ്പെഷൽ റെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും ജയിൽ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
കേരളത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ശിക്ഷാ ഇളവ് നല്‍കേണ്ട ആളുകളുടെ പട്ടിക ജയില്‍ വകുപ്പ് തയ്യാറാക്കിയിരിക്കുന്നു. 1850 തടവുകാര്‍ക്ക് ശിക്ഷാഇളവ് നല്‍കണമെന്നാണ് ജയില്‍വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി സദാശിവം തിരികെ അയക്കുകയായിരുന്നു.
ലിസ്റ്റിലുള്ള 150 പേരൊഴികെ മറ്റാരെയും വിട്ടയക്കാന്‍ സുപ്രിം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഗവർണർ തിരിച്ചയച്ചത്.
വാടക കൊലയാളികൾ, ബലാത്സംഗകേസിലെ പ്രതികൾ, കൊടുംകുറ്റവാളികൾ തുടങ്ങിയവർക്കു ജയിൽ ശിക്ഷയിൽ ഇളവ് നൽകരുതെന്ന സുപ്രിംകോടതി വിധി മറികടന്നാണ് ജയിൽ വകുപ്പ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."