ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി പറഞ്ഞു.
വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാര്‍ലമെന്റിനകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. ആക്രമണം നടത്തിയത് ലണ്ടനില്‍ ജനിച്ചയാളാണെന്നു ഇന്റലിജന്‍സിനു വിവരം ലഭിച്ചതായും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യത്തെ നിശ്ശബ്ദമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ ആരേയും പേടിക്കില്ല. തങ്ങളുടെ നിശ്ചയദാര്‍ഢ്യം തീവ്രവാദത്തിനു മുന്നില്‍ പതറില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."