എല്ലാം ശരിയാക്കിയവയുടെ ഞെട്ടിക്കുന്ന പട്ടിക
വാഗ്ദാനലംഘനങ്ങളുടെയും ജനവഞ്ചനയുടെയും രണ്ടു വര്‍ഷം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം കൂടി എങ്ങനെ ഇവരെ സഹിക്കും എന്നാണു ജനം ചിന്തിക്കുന്നത്. ജനരോഷത്തിന്റെ ആഴവും പരപ്പും കാണാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ചെന്നാല്‍ മതി. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ശരിയാക്കിയവയുടെ പട്ടിക കണ്ടാല്‍ ഞെട്ടിപ്പോകും.
ഒരു സര്‍ക്കാരിന്റെ ആദ്യത്തെ അളവുകോല്‍ ക്രമസമാധാനപാലനം തന്നെയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 25 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. പൊലിസ് കൊന്നത് ഏഴുപേരെ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരൊറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിട്ടില്ല. എല്ലാ മരണങ്ങളും ദുഃഖകരമെങ്കിലും ശുഹൈബിന്റെ രാഷ്ട്രീയകൊലപാതകവും ശ്രീജിത്തിന്റെ കസ്റ്റഡി മരണവും നമ്മളെയെല്ലാം കരയിച്ചുകളഞ്ഞു.
ചിരിക്കാനൊരു പരസ്യം
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് കെ.പി.എ.സി ലളിതയേയും ഇന്നസെന്റിനേയും ഉപയോഗിച്ച് നടത്തിയ പരസ്യം വീണ്ടും കേള്‍ക്കുന്നവര്‍ ചിരിച്ചുമണ്ണുകപ്പുകയാണ്. കേരളത്തിലിപ്പോള്‍ മദ്യം ഒഴുകുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ ഈ സര്‍ക്കാര്‍ തുറന്നു. കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കളമൊരുക്കിയിരിക്കുന്നു.
പൊള്ളുന്ന വില
അഞ്ചുവര്‍ഷത്തേക്ക് കേരളത്തില്‍ വിലക്കയറ്റമില്ലെന്നു പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, അധികം വൈകാതെ തന്നെ സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ കടകളില്‍ വില അമ്പതുശതമാനത്തിലേറെ വര്‍ധിപ്പിച്ചു. അരിവില അമ്പതു രൂപ കടന്നു. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുകയറി. യു.ഡി.എഫ് സര്‍ക്കാര്‍ ബി.പി.എല്‍-എ.എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അരിക്കും ഗോതമ്പിനും സര്‍ക്കാര്‍ ഒരു രൂപ കൂട്ടി. എ.പി.എല്ലുകാര്‍ക്ക് 10 കിലോ അരിവരെ നല്‍കിയിരുന്നത് രണ്ടു കിലോയാക്കി വെട്ടിക്കുറച്ചു. ആറുമാസമായി പഞ്ചസാര വിതരണം നടക്കുന്നില്ല. മണ്ണെണ്ണ വില ലിറ്ററിന് 16.80 രൂപയായിരുന്നത് ഇപ്പോള്‍ 23 രൂപയായി. പാവപ്പെട്ട ഒരു കുടുംബത്തിന് സൗജന്യമായി നല്‍കിയിരുന്ന 35 കിലോ അരി ഒരംഗത്തിന് നാലു കിലോ എന്നാക്കി. റേഷന്‍ കടകളില്‍ സാധനങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.
ചരിത്രത്തിലാദ്യമായി എല്ലാ കാര്‍ഷികോല്‍പന്നങ്ങളുടെയും വില ഒന്നിച്ച് ഇടിഞ്ഞു. റബര്‍, കുരുമുളക്, കാപ്പി തുടങ്ങിയ എല്ലാ ഉല്‍പന്നങ്ങളുടെയും വില കുത്തനെ താഴേക്ക്. പെട്രോളിനും ഡീസലിനും വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയതോടെ വില വര്‍ധന പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. പെട്രോളിന് 19.94 രൂപയും ഡീസലിന് 27.78 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നത്.
അഴിമതിക്കാരായ മൂന്നു മന്ത്രിമാരാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ ഒരാളെ വെള്ളപൂശി തിരിച്ചെടുത്തു. നിരവധി വിജിലന്‍സ് കേസുകള്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടി എഴുതിത്തള്ളി. ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ, 153 അഴിമതിക്കേസുകളാണ് എഴുതിത്തള്ളിയത്. വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരേയുള്ള കേസ്, മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമന കേസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്റെ ലോട്ടറി കേസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
57 ലെ സി.പി.എമ്മിന്റെ സെല്‍ ഭരണമാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കാരെ കൂട്ടിയല്ലാതെ ആര്‍ക്കും പൊലിസ് സ്റ്റേഷനില്‍ എത്താനാകില്ല. ഭൂമി കൈയേറ്റങ്ങളും ക്വാറി, മണല്‍, ബ്ലേഡ് മാഫിയകളും സ്ത്രീപീഡനങ്ങളുമെല്ലാം നടക്കുന്നത് പാര്‍ട്ടിയുടെ തണലിലാണ്.
57ന്റെ തനിയാവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന പിണറായി സര്‍ക്കാരിനെതിരേയും ജനരോഷം ആളിക്കത്തുകയാണ്. അതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."