സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറുന്നു: കെ.ടി ജലീല്‍
കിളിമാനൂര്‍: സര്‍ക്കാര്‍ ആശുപത്രികളെ സാധാരണക്കാര്‍ക്കടക്കം എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം ആരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് നിര്‍മിച്ച് നല്‍കിയ പുതിയ ഒ.പി മന്ദിരത്തിന്റെ ഉദ്ഘാടനവും മൂന്നുകോടി രൂപചെലവില്‍ നിര്‍മിക്കുന്ന പുതിയ ഐ.പി മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കയറാന്‍ ജനങ്ങള്‍ മടിച്ചുവെങ്കില്‍ ഇന്ന് സ്വകാര്യ ആശുപത്രികളെക്കാള്‍ സൗകര്യമുള്ള കേന്ദ്രങ്ങളായി മാറുകയാണ് ഓരോ സര്‍ക്കാര്‍ ആശുപത്രി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ആരോഗ്യ രംഗത്ത് 1500 ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ പാരമെഡിക്കല്‍ ജീവനക്കാരുടെ തസ്തികയും സൃഷ്ടിച്ച് മുന്നേറുകയാണ്.
ലൈഫ് ഭവനപദ്ധതിയിലൂടെ ഭൂമിയുള്ള ഗുണഭോക്താക്കളായ രണ്ടുലക്ഷം പേര്‍ക്ക് ഈ വര്‍ഷംതന്നെ വീട് നല്‍കും. ഗ്രാമസഭ അംഗീകരിച്ച മുഴുവനാളുകള്‍ക്കും വീട് നിര്‍മിക്കാനായി നാലുലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. വി. ജോയി എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപചെലവിലാണ് പുതിയ ഐ. പി ബ്ലോക്ക് പണിയുന്നത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയറാംദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാലിയേറ്റീവ് കെയര്‍ ആബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി.പി മുരളി നിര്‍വഹിച്ചു. നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, എം.എ റഹിം പള്ളിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍, ടി. ബേബിസുധ, അഡ്വ. പി. ആര്‍ രാജീവ്, സുരജ ഉണ്ണി, യഹിയ, മാലതിഅമ്മ, എം. ഹസീന, എന്‍. അബുത്താലിബ്, എം. നാസര്‍ഖാന്‍, എസ്. പുഷ്പലത, ഷീജ ജി.ആര്‍, ഡോ. പ്രീതാ പി.പി, ആര്‍. പ്രസാദ് സജീവ്ഹാഷിം, കെ.ആര്‍ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."