അലനല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വടംവലി
അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വടംവലി. യു.ഡി.എഫിലെ മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റ് സ്ഥാനം രാജിവെച്ച സഹചര്യത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
യു.ഡി.എഫ് ഭരിക്കുന്ന ഇവിടെ ഭരണ കാലായളവ് തുല്യമായി പങ്കിടാറാണ് പതിവ്. ഇത് പ്രകാരം ആദ്യ കാലയളവ് പ്രസിഡന്റ് സ്ഥാനം വഹിച്ച കോണ്‍ഗ്രസ് പ്രതിനിധി ഗിരിജ.പി കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു.
അടുത്ത ദിവസം തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുളള വിജ്ഞാപനം ഇറങ്ങാനിരിക്കെ മുസ്‌ലിംലീഗ് നേതൃത്വത്തിന് ഇതുവരെ പ്രസിഡന്റിനെ തീരുമാനിക്കാനായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തിന് ഇവിടെ സംവരണമാണ്. രണ്ടാം വാര്‍ഡ് മെമ്പര്‍ ഷൈലജ മഠത്തൊടിയും, 18ാം വാര്‍ഡ് മെമ്പര്‍ രജിയുമാണ് ലീഗ് പ്രസിഡന്റ് ഊഴത്തിന് കാത്തിരിക്കുന്നത്. ഇരുവരും മുസ്‌ലിംലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചതുമാണ്. കൂടാതെ മുസ്‌ലിംലീഗ് സ്വതന്ത്രനായി മത്സരിപ്പിച്ച ഒന്നാം വാര്‍ഡ് മെമ്പര്‍ അയ്യപ്പന്‍ കുറൂപാടത്തും പ്രസിഡന്റ് പദവിലേക്ക് ഉന്നം വെച്ചിരിക്കുകയാണ്. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായാണ് അയ്യപ്പന്‍ മത്സരിച്ചതെങ്കിലും പിന്നീട് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൂടിയത് അയ്യപ്പന് മുസ്‌ലിംലീഗിന്റെ പ്രസിഡന്റ് പദവി കിട്ടാന്‍ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ രജിയുടെ ഭര്‍ത്താവ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവും ഒരു വര്‍ഷം മുമ്പ് മുസ്‌ലിംലീഗ് ഭരിക്കുന്ന കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിന് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയുമാണ്. രജിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയാല്‍ വീണ്ടും തത്വത്തില്‍ കോണ്‍ഗ്രസ് തന്നെ ഗ്രാമപഞ്ചായത്ത് ഭരിക്കുമെന്ന കാഴ്ചപാടും ചിലരിലുണ്ട്. എന്നാല്‍ കര്‍ക്കിടാംകുന്ന് മേഖലയില്‍ മുസ്‌ലിംലീഗ് പ്രതിനിധിക്ക്് ഇതുവരെയായി പ്രസിഡന്റ് സ്ഥാനം ലഭിച്ചിട്ടില്ല. ഇപ്രാവശ്യമെങ്കിലും ഇവിടേക്ക് പ്രസിഡന്റ് പദവി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.
രണ്ടാം വാര്‍ഡ് മെമ്പര്‍ ഷൈലജ മഠത്തൊടിയാണ് പ്രതീക്ഷയേറെയുളള മറ്റൊരു മെമ്പര്‍. ഷൈലജക്ക് പ്രസിഡന്റ് പദവി കിട്ടുകയാണെങ്കില്‍ എടത്തനാട്ടുകര പ്രദേശത്തെ മെമ്പര്‍മാര്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ച് വര്‍ഷവും ഭരിച്ചു എന്ന പേരും ലഭിക്കും. ഇതാകട്ടെ അലനല്ലൂര്‍, കര്‍ക്കിടാംകുന്ന് പ്രദേശത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അംഗീകരിക്കാനിടയല്ല. കര്‍ക്കിടാംകുന്ന് പ്രദേശത്തിന് തന്നെ പ്രസിഡന്റ് പദവി വേണമെന്ന ആവശ്യത്തില്‍ ഉറച്ചാണ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നത്.
നേതൃത്വത്തിന്റെ ഇടപെടലുകള്‍ അത്രതന്നെയില്ലാത്ത അലനല്ലൂരില്‍ പാര്‍ട്ടി യോഗം പോലും ചേരാതെയാണ് വൈസ് പ്രസിഡന്റ് രാജിവെച്ചത് എന്ന ആരോപണവുമുണ്ട്.
യു.ഡി.എഫിന്റെ കാലങ്ങളായുളള ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും, തുടര്‍ന്ന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെയുളള ദിവസം വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല നല്‍കാറുമാണ് പതിവ്. എന്നാല്‍ ഇപ്രാവശ്യം വൈസ് പ്രസിഡന്റിനെ കൂടി ഒരേ സമയത്ത് രാജി വെപ്പിച്ചത് പാര്‍ട്ടി പഞ്ചായത്ത് നേതൃത്വം അറിയാതെയാണെന്ന ആരോപണവുമുണ്ട്. ബ്ലോക്ക് പഞ്ചായത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പുതിയ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത നേതൃത്വം രാജി വെക്കാന്‍ പറഞ്ഞ ദിവസം മുങ്ങിയിരുന്നു. ഇതിനെ ചുവടുപിടിച്ച് അലനല്ലൂരില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും നേരത്തെ നിശ്ചയിച്ച ദിവസം രാജി വെച്ചിരുന്നില്ല. പിന്നീട് അനുനയ ചര്‍ച്ചക്കൊടുവിലാണ് ഇരുവരും രാജിവെച്ചത്. ആദ്യ രണ്ടര വര്‍ഷം മുസ്‌ലിംലീഗിലെ മെഹര്‍ബാന്‍ വൈസ് പ്രസിഡന്റുമായിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരം സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങളും വെച്ച്മാറലാണ് കാലങ്ങളായുളള പതിവ്. അത് ഇപ്രാവശ്യം വേണ്ടതുപോലെ നടക്കാന്‍ സാധ്യതയില്ലെന്നുമാണ് ഉള്ളറയില്‍ പുകയുന്നത്.
ഗ്രാമപഞ്ചായത്തില്‍ 23 അംഗ ഭരണ സമിതിയില്‍ മുസ്‌ലിംലീഗ് 8, കോണ്‍ഗ്രസ് 5, ഒരു സ്വതന്ത്രനടക്കം യു.ഡി.എഫിന് 14ഉം, സി.പി.എം 6, സി.പി.ഐ 1, സ്വതന്ത്രര്‍ 2 അടക്കം ഇടതുപക്ഷത്തിന് ഒമ്പത് അംഗ ബലവുമാണുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."