പെരിന്തല്‍മണ്ണയിലെ ട്രാഫിക് ക്രമീകരണം; ലക്ഷ്യം മൂന്നാം ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കല്‍
.
പെരിന്തല്‍മണ്ണ: നഗരത്തില്‍ നടപ്പാക്കിയ അവസാനഘട്ട ട്രാഫിക് ക്രമീകരണത്തിനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും തീരുമാനത്തില്‍ ഉറച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. പ്രതിഷേധം തണുപ്പിക്കാന്‍ ഒരാഴ്ചകൂടി നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ സര്‍വിസ് അനുവദിക്കും. ഈ ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് പുതിയ ക്രമീകരണം സംബന്ധിച്ച സന്ദേശം കൈമാറും. തുടര്‍ന്ന് ക്രമേണ സ്റ്റോപ്പുകള്‍ എടുത്തുകളയാനാണ് നഗരസഭാ ചെയര്‍മാന്‍ അധ്യക്ഷനായുള്ള ക്രമീകരണ നിയന്ത്രണ സമിതിയുടെ ഇപ്പോഴത്തെ തീരുമാനം.
ഇന്നലെയും ഒഴിവാക്കിയ നഗരസഭാ പരിസരത്തെ സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി തന്നെയാണ് സര്‍വിസ് നടത്തിയത്. എന്നാല്‍ സംഗീത തിയറ്ററിലെ സ്റ്റോപ്പിന് പകരം തൊട്ടടുത്ത പെട്രോള്‍ പമ്പിന്റെയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും ഇടയിലായുള്ള സ്ഥലത്താണ് യാത്രക്കാരെ കയറ്റിയിറക്കാനായി ബസുകള്‍ നിര്‍ത്തിയത്. ഇന്നലെ മുതല്‍ ഒഴിവാക്കിയ സ്റ്റോപ്പുകളില്‍ ബസ് സര്‍വിസ് അനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ തടയലോ മറ്റു നിയമനടപടികളോ ഒന്നുംതന്നെ ഉണ്ടായില്ല. ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ഹോംഗാര്‍ഡുകളെയും ഇവിടെ നിയമിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് കോഴിക്കോട് റോഡിലെ രണ്ടു സ്റ്റോപ്പുകള്‍ ഒഴിവാക്കി നഗരത്തില്‍ പുതിയ പരിഷ്‌ക്കാരം നടപ്പാക്കിയത്. അതേസമയം ഘട്ടമഘട്ടമായുള്ള ക്രമീകരണത്തിലൂടെ നഗരത്തിലെ നിര്‍ജീവമായ രണ്ടുസ്റ്റാന്‍ഡുകള്‍ സജീവമാക്കാനാണ് ഭരസമിതി ലക്ഷ്യംവയ്ക്കുന്നത്. ഇതിനായാണ് കൂടുതല്‍ ബസ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നത്. നഗരത്തിന്റെ ഭാവി വികസനത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന മൂന്നാം ബസ് സ്റ്റാന്‍ഡ് (ജൂബിലി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്) നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാന്‍ നിലവിലുള്ള രണ്ടുസ്റ്റാന്‍ഡുകള്‍ സജീവമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് ഓരോ ക്രമീകരണവും. നടപ്പുവര്‍ഷത്തെ ബജറ്റില്‍ മൂന്നാം ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി അഞ്ചുകോടി രൂപ നീക്കിവയ്ക്കുകയും കോടതിവിലക്കുകള്‍ മറികടന്ന് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത് സാധ്യമാക്കാനാണ് ദ്രുതഗതിയിലുള്ള പുതിയ പരിഷ്‌ക്കാരമെന്നുമാണ് നഗരസഭയുടെ വാദം.
എന്നാല്‍, പുതിയ പരിഷ്‌ക്കാരം പൂര്‍ണമായും നിലവില്‍ വന്നാല്‍ ടൗണിലെവിടെയും ബസുകള്‍ക്ക് കാര്യമായി സ്റ്റോപ്പ് നല്‍കാതെ നടപ്പാക്കുന്ന പരിഷ്‌ക്കരണം യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കും.
യാത്രക്കാരുടെ സൗകര്യം പരിഗണിക്കാത്തതാണ് നഗരസഭയുടെ പരിഷ്‌ക്കാരമെന്ന ആക്ഷേപം ശക്തമാണ്. അതേസമയം പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നഗരസഭാ പരിസരത്തെയും സംഗീത തിയറ്ററിന് മുന്‍വശത്തേയും സ്റ്റോപ്പുകള്‍ പൂര്‍ണമായും എടുത്തുകളഞ്ഞാല്‍ പ്രത്യക്ഷ സമരപരിപാടികള്‍കൊണ്ട് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ പറഞ്ഞു.
നിലവിലുള്ള രീതി തുടര്‍ന്നില്ലെങ്കില്‍ ബസ് സര്‍വിസ് പ്രശ്‌നമാണെന്ന് കാണിച്ച് ബസുടമകളും രംഗത്തെത്തിയിട്ടുണ്ട്.
നാളെ രാവിലെ പത്തിന് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ വ്യാപാരി മാര്‍ച്ചും ധര്‍ണയും നടത്താന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."