അഴിമതിക്കേസുകളില്‍ ത്വരിത അന്വേഷണത്തിന് കാത്തിരിക്കേണ്ട: കോടതി
കൊച്ചി: അഴിമതിക്കേസുകളില്‍ ത്വരിത അന്വേഷണത്തിന് കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. പാല മാര്‍ക്കറ്റിങ് കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട കേസില്‍ വിജിലന്‍സ് നടപടിയെടുക്കുന്നില്ലെന്ന ഹരജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചെന്നും കാലാവധി പൂര്‍ത്തിയായപ്പോള്‍ പണം തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പാല മീനച്ചില്‍ താലൂക്കിലെ കെ.ജെ തോമസ് നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഉടന്‍ കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
പൊതുജനങ്ങളില്‍ നിന്നായി 59 കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് സൊസൈറ്റിക്കെതിരായ കേസ്. സൊസൈറ്റിയുടെ ഊര്‍ജിത നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചെന്നു ഹരജിയില്‍ പറയുന്നു. എന്നാല്‍ ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് തുക തിരിമറി നടത്തിയെന്നും 2014-15 ലെ ഓഡിറ്റ് പ്രകാരം ഓഹരി മൂലധനത്തിന്റെ 24 മടങ്ങ് നഷ്ടം സൊസൈറ്റിക്കുണ്ടെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.
പണം നഷ്ടപ്പെട്ടതു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ത്വരിത അന്വേഷണം നടത്തി വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെങ്കിലും അന്വേഷണം സഹകരണ വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശയാണ് ത്വരിത അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഇതനുസരിച്ച് കേസ് സഹകരണ വകുപ്പിലെ വിജിലന്‍സിനുവിട്ട് തീര്‍പ്പാക്കി. എന്നാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി ഉണ്ടായില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ ത്വരിത അന്വേഷണത്തില്‍ തട്ടിപ്പു നടത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് സംഘം ഉന്നതതല ഉത്തരവിനു കാത്തിരിക്കുകയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."