ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും കര്‍ശന നിര്‍ദേശം
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ സാഹചര്യത്തില്‍ നഗരത്തിലെ ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ കര്‍ശന നിര്‍ദേശം. കേടുവരുന്ന പഴവര്‍ഗങ്ങളുടെയും പഴകിയ ഭക്ഷണങ്ങളുടെയും വിപണനം കര്‍ശനമായി നിരോധിച്ചുകൊണ്ട് കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ സര്‍ക്കുലര്‍ ഇറക്കി. തിളപ്പിച്ച വെള്ളം മാത്രമേ നല്‍കാന്‍ പാടുള്ളൂ. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്താന്‍ പാടില്ല.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൈയുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുകയും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും വേണം. ഹോട്ടലുകളിലേക്കും കൂള്‍ബാറുകളിലേക്കും മറ്റു ഭക്ഷണശാലകളിലേക്കും വെള്ളം എടുക്കുന്ന കിണര്‍, വാട്ടര്‍ ടാങ്ക് എന്നിവ മൂടിവച്ച് ക്ഷുദ്രജീവികള്‍ കയറാതെ സൂക്ഷിക്കേണ്ടതും കുടിവെള്ളം ലബോറട്ടറി പരിശോധന നടത്തി ഉപയോഗയോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. വഴിയോര കച്ചവടക്കാര്‍ ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ മുറിച്ചുവച്ച് വില്‍പന നടത്തരുതെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പനി, തലവേദന, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങി രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊഴിലുടമ തന്നെ അവരുടെ ചികിത്സക്കു മുന്‍കൈയെടുക്കണം. രോഗം ഭേദമാകാതെ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."