നാട്ടില്‍ സമ്പൂര്‍ണ വൈദ്യുതി വിപ്ലവം: സര്‍ക്കാര്‍ ഓഫിസില്‍ വൈദ്യുതിയില്ല
തലശ്ശേരി: നാടുനീളെ സമ്പൂര്‍ണ വൈദ്യൂതീകരണത്തിന്റെ ആഘോഷപരിപാടികള്‍ നടക്കുമ്പോഴും നഗരമധ്യത്തിലെ സര്‍ക്കാര്‍ ഓഫിസില്‍ വൈദ്യുതി ഇനിയും കിട്ടാക്കനി. അടച്ചുറപ്പില്ലാത്ത കെട്ടിടത്തില്‍ പൊരിവെയിലത്തും ശ്വാസമടക്കി ജോലിചെയ്യുകയാണ് ഇവിടെ രണ്ട് ഉദ്യോഗസ്ഥര്‍. തലശ്ശേരി ചാലില്‍ തീരദേശത്തെ ഫിഷറീസ് വകുപ്പിന്റെ മറൈന്‍ബ്ലോക്ക് ഓഫിസിലാണ് ഇനിയും വൈദ്യുതി ലഭിക്കാത്തത്. ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ച് 11 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. നിരവധി തവണ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വൈദ്യുതി വകുപ്പും നഗരസഭയും കൈയൊഴിയുകയായിരുന്നു. തലശ്ശേരി ചക്യത്ത്മുക്ക് മുതല്‍ ധര്‍മടം തുരുത്തുവരെയുള്ള ആയിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമത്തിനായുള്ള എല്ലാവിധ രേഖകളും ഈ കുടുസുമുറിയിലെ അലമാരയിലാണ് സൂക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭവനനിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം തുടങ്ങിയ എല്ലാ അപേക്ഷകളും സ്വീകരിക്കുന്നത് ഇവിടെയാണ്. കെട്ടുറപ്പില്ലാത്ത ഓഫിസിന്റെ ഫര്‍ണിച്ചറുകളും ജനാലകളും വാതിലുമെല്ലാം കടല്‍ക്കാറ്റേറ്റ് തുരുമ്പെടുത്ത നിലയിലാണ്. കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ച് ഇതുവരെയായിട്ടും അറ്റകുറ്റപ്പണികളോ പെയിന്റിങ്ങോ നടത്തിയിട്ടില്ല. ഫിഷറീസിന്റെ ഒരു സബ് ഇന്‍സ്‌പെക്ടറും ഓഫിസ് അസിസ്റ്റന്റും സ്വീപ്പറും ഉള്‍പ്പെടെ മൂന്നുപേരാണ് ഇവിടെ ജോലിചെയ്യുന്നത്. 2006 ജനുവരി ഒമ്പതിന് അന്നത്തെ ഫിഷറീസ് വകുപ്പുമന്ത്രി ഡൊമനിക് പ്രസന്റേഷനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്നത്തെ എം.എല്‍.എ കോടിയേരി ബാലകൃഷ്ണനായിരുന്നു ചടങ്ങിന്റെ അധ്യക്ഷന്‍. നിര്‍മിതി കേന്ദ്രയാണ് കെട്ടിടം നിര്‍മിച്ചുനല്‍കിയത്. ഓഫിസിനോടനുബന്ധിച്ചുള്ള മത്സ്യത്തൊഴിലാളി ബോധവത്കരണ കേന്ദ്രവും ഏറെക്കാലമായി പൂട്ടിക്കിടക്കുകയാണ്. ഈ കെട്ടിടത്തിന് തൊട്ടുസമീപത്തായുള്ള സുനാമി പുനരധിവാസ കേന്ദ്രവും സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓഫീസിന്റെയും പുനരധിവാസകേന്ദ്രത്തിന്റെയും ശോചന്യാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരുനടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."