സമഗ്ര ഐ.ടി നയം രണ്ടു മാസത്തിനുള്ളില്‍
തിരുവനന്തപുരം: സംസ്ഥാനത്തു സമഗ്ര ഐ.ടി നയം രണ്ടു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സ്മാര്‍ട്ട്‌സിറ്റി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് ഓഗസ്റ്റ് ആറിനു ചേരുന്ന ബോര്‍ഡ് യോഗം തീരുമാനമെടുക്കും.
സമയക്രമം, പ്രവര്‍ത്തന പുരോഗതി എന്നിവ സംബന്ധിച്ച വ്യക്തതയും ഈ യോഗത്തിലുണ്ടാകും. പദ്ധതി 2020ല്‍ പൂര്‍ത്തിയാക്കുമെന്നു സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഐടി, ഐ.ടി ഇതര വ്യവസായങ്ങള്‍ക്കു മാത്രമായാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 5,000 പേര്‍ക്ക് തൊഴില്‍ നല്‍കേണ്ടതാണെന്നും എന്നാല്‍, ഇതുസംബന്ധിച്ചു സര്‍ക്കാര്‍ പരിശോധന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ഐ.ടി പാര്‍ക്കിന്റെ നിര്‍മാണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കുമെന്നും എം. മുകേഷ്, പി.വി അന്‍വര്‍, എസ്. ശര്‍മ, എം. സ്വരാജ്, ആര്‍. രാജേഷ്, പി. ഉബൈദുല്ല, വീണജോര്‍ജ്, പി.ടി തോമസ്, പി.സി ജോര്‍ജ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കൊല്ലം മെയ് 31വരെ 7,823 പേര്‍ സര്‍ക്കാര്‍ സര്‍വിസില്‍നിന്നു വിരമിച്ചതായി വി.കെ.ഇബ്രാഹിംകുഞ്ഞിനെ മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ 10വരെ 1,198 ഒഴുവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ധനസഹായം അനുവദിച്ച 29,930 പേര്‍ക്ക് സഹായം ലഭിക്കാനുണ്ടെന്നു സി. കൃഷ്ണനെ മുഖ്യമന്ത്രി അറിയിച്ചു.
ഈ ഇനത്തില്‍ 36.4കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. വിവിധ എംബസികളില്‍നിന്നു ശേഖരിച്ച വിവരമനുസരിച്ച് 1,818 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ടി.വി.ഇബ്രാഹിമിനു മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ 1,56,048 ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ആര്‍. രാജേഷിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമ്പൂര്‍ണ വനിതാ ബറ്റാലിയന്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും സ്ത്രീ സുരക്ഷാ പദ്ധതി ആരംഭിക്കുമെന്നും വി.കെ.സി മമ്മദ് കോയ, ബി.ഡി ദേവസ്യ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ആഗോള ടെന്‍ഡര്‍ വിളിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പി.ടി തോമസ്, സണ്ണി ജോസഫ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും മറുപടി നല്‍കി. ജൂലൈ അവസാനത്തോടെ കരാര്‍ നല്‍കാനും ഓഗസ്റ്റോടെ ജോലികള്‍ പുനരാരംഭിക്കാനും കഴിയും. പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."