അമ്മയുടെ 'ശാപ'മാണ് താനെന്ന നടനെന്ന് ഇന്ദ്രന്‍സ്
തൃക്കരിപ്പൂര്‍: ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടികളോട് സല്ലപിച്ചും ചലചിത്ര നടന്‍ ഇന്ദ്രന്‍സ്. ഇളമ്പച്ചി നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം, സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന ചലചിത്ര അക്കാദമി ഇളമ്പച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇന്ദ്രന്‍സ്. കൊടക്കമ്പിപോലുള്ള ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ ആളുകള്‍ ചിരിക്കും. മനുഷ്യര്‍ക്കു മാത്രമേ ചിരിക്കാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട് എല്ലാവരും ചിരിക്കണം. ഞാന്‍ അമ്മയെ ചിരിപ്പിക്കാന്‍ വേണ്ടി ഒരു തമാശ പറഞ്ഞു. അന്ന് നീ ഒരു തമാശക്കാരന്‍ തന്നെ എന്നുപറഞ്ഞ് എന്നെ ശപിച്ചതാണ്. ആ ശാപമാണ് ഞാനെന്ന നടനെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
അക്ഷരങ്ങളുടെ അഭാവം ഇരുട്ടുപകരും. അതുകൊണ്ടു മൊബൈലില്‍ ചുരണ്ടിക്കൊണ്ടിരിക്കാതെ മാസത്തില്‍ ഒരു കത്തെങ്കിലും ആര്‍ക്കെങ്കിലും എഴുതണം. എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍ നല്ല ഭാഷയുടെ ഉടമയായി മാറുമെന്നും ഇന്ദ്രന്‍സ് ക്യാംപിനെത്തിയ കുട്ടികളെ ഓര്‍മിപ്പിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇന്ദ്രന്‍സ് കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു. അവാര്‍ഡ് കിട്ടിയെന്നറിഞ്ഞതു മുതല്‍ ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ഇപ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രമാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. എല്ലാവരും സ്വപ്നം കാണണം. ഞാന്‍ കണ്ട സ്വപ്നമാണ് എനിക്കു കിട്ടിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി ശശി അധ്യക്ഷനായി. ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി ക്യാംപിന്റെ വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ സ്‌നേഹലത, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, രാജീവ് കാനക്കീല്‍ സംസാരിച്ചു. ക്യാംപ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."