ഓട പൊളിച്ചപ്പോള്‍ കേബിള്‍ തകരാറിലായ സംഭവം ടെലിഫോണ്‍ ലൈനും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചു
കഠിനംകുളം: ദേശീയപാതക്ക് കുറുകെ മലിനജലം ഒഴുക്കിവിടുന്നതിലേക്ക് പൈപ്പിടുന്നതിനിടെ ബി.എസ്.എന്‍.എല്ലിന്റെ പ്രധാന കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് തകരാറിലായ 5000ത്തോളം ടെലഫോണ്‍ ലൈനും ഇന്റര്‍നെറ്റ് കണക്ഷനും ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഐ.ടി നഗരം അനുഭവിച്ച് വന്ന ടെലഫോണ്‍ ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. കഴക്കൂട്ടം ജങ്ഷനിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ജന്തയില്‍ നിന്നും മലിനജലം ഒഴുകിപ്പോകുന്ന ഓട കഴക്കൂട്ടം മൂക്കോല ബൈപ്പാസ് നാല് വരിപ്പാത ആക്കുന്നതിന് മുന്നോടിയായി പൊളിച്ച് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മലിനജലം ദേശീയ പാതയോട് ചേര്‍ന്ന ക്ഷേത്ര കുളത്തില്‍ ഒഴുകി പോകാന്‍ തുടങ്ങി. എന്നാല്‍ ഇതിന് അടിയന്തിര പരിഹാമുണ്ടാക്കുന്നതിലേക്ക് ഈ ഓട ബൈപ്പാസിലെ പുതിയ ഓടയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കേബിള്‍ പൊട്ടി ഐ.ടി നഗരത്തെ ടെലിഫോണ്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളും താറുമാറായത്.
ഇതുകാരണം നഗരത്തിലെ പോലിസ് സ്റ്റേഷന്‍, പത്രസ്ഥാപനങ്ങള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പൈപ്പ് ഇടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ കരാറുകാരായ കെ.എന്‍.ആര്‍ കമ്പനിയെ ഓര്‍മിപ്പിച്ചിട്ടും യാതൊരു മുന്‍കരുതലുമെടുക്കാതെ ബി.എസ്.എന്‍.എല്ലിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിവച്ച കരാര്‍ എടുത്ത കമ്പനിക്കെതിരേ ബി.എസ്.എന്‍.എല്‍ കഴക്കൂട്ടം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ദേശീയപാത അധികൃതരേയോ ബി.എസ്.എന്‍.എല്‍, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളെയോ അറിയിക്കാതെയാണ് ബൈപ്പാസിന്റെ നിര്‍മാണ ചുമതലയുള്ള കെ.എന്‍.ആര്‍ കണ്‍ട്രഷന്‍ കമ്പനി ജീവനക്കാര്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കഴക്കൂട്ടത്ത് ദേശീയപാതയ്ക്കു കുറുകെ ജെ.സി.ബി കൊണ്ട് തോണ്ടിയത്.
ഇവരുടെ ധിക്കാരപരമായ നടപടികള്‍ കാരണം കാര്യവട്ടം ടെലഫോണ്‍ എക്‌സ്‌ചെയ്ഞ്ചിലും അതിന്റെ കീഴില്‍ വരുന്ന എക്‌സ്‌ചെയ്ഞ്ചുകളുടെ കീഴില്‍ വരുന്ന ഭാഗങ്ങളിലുമുള്ള ടെലഫോണുകളും നെറ്റ് കണക്ഷനുകളുമാണ് ദിവസങ്ങളായി പ്രവര്‍ത്തനരഹിതമായിക്കിടന്നത്. ദേശീയപാതക്ക് കുറുകേ കുഴിക്കുന്ന കാര്യം പോലും എന്‍.എച്ച് അധികൃതരോട് നാട്ടുകാര്‍ അറിയിക്കുമ്പോഴാണു അറിയുന്നത്. പകരം സംവിധാനം ഒരുക്കാതെ ദേശീയപാത കുഴിച്ചതിനാല്‍ കഴക്കൂട്ടത്ത് ഇപ്പോഴും വാഹനകുരുക്ക് അനുഭവപ്പെടുന്നുണ്ട്. കേടുപാടുകള്‍ സംഭവിച്ച കേബിളുകള്‍ ശെരിയാക്കിയെങ്കിലും ഇത് വഴിയുള്ള ഗതാഗതം ഇപ്പോഴും ശെരിയായിട്ടില്ല. തൊട്ടടുത്ത പാത കൂടി കുറുകെ മുറിച്ച് പൈപ്പ് ഇട്ടാല്‍ മാത്രമെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകുന്ന ഓട നിര്‍മ്മാണം പൂര്‍ത്തിയാകൂ. അടുത്തുള്ള പാത മുറിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ന്നടന്ന് വരുന്നു. ഇതിന് മുന്നോടിയായി ഇലക്ട്രിക്ക് പോസ്റ്റ് മാറ്റുന്ന ജോലികള്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."