എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച സംഭവം: ശിവസേന എം.പി കരിമ്പട്ടികയില്‍
ന്യൂഡല്‍ഹി: ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക് വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ വിമാനക്കമ്പനി പരാതി നല്‍കി.
അതേ സമയം പ്രശ്‌നത്തില്‍ സ്പീക്കര്‍ക്ക് ഇടപെടാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. സഭാംഗമാണെങ്കിലും സംഭവം സഭക്കു പുറത്തു നടന്നതായതിനാല്‍ പൊലിസിനാണ് പൂര്‍ണ അധികാരമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെ പുനെയില്‍നിന്നു ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എഐ 852 വിമാനത്തിലാണു സംഭവം. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയിട്ടും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടിവന്നതാണ് ഗെയ്ക്ക്‌വാദ് എം.പിയെ ക്ഷുഭിതനാക്കിയത്. യാത്രയുടെ തുടക്കംമുതല്‍ ജീവനക്കാരുമായി തര്‍ക്കം തുടങ്ങി. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാന്‍ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിക്കവേയാണു സുകുമാറിനു മര്‍ദനമേറ്റത്.
'ഞാന്‍ ബിജെപിക്കാരനല്ല, ശിവസേനയുടെ എംപിയാണ്. ഒരു തരത്തിലുള്ള അപമാനവും ഞാന്‍ സഹിക്കില്ല. ജീവനക്കാരന്‍ പരാതിപ്പെടട്ടെ. ഞാന്‍ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കും' ഗെയ്ക്ക്‌വാദ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു അദ്ദേഹം. എയര്‍ ഇന്ത്യ ജീവനക്കാരനെ 25 തവണ താന്‍ അടിച്ചുവെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു.
മര്‍ദനമേറ്റ ഉദ്യോഗസ്ഥന്‍ സുകുമാര്‍ (60) പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും കണ്ണട തകര്‍ക്കുകയും ചെയ്തുവെന്ന് സുകുമാര്‍ പറഞ്ഞു. 'നമ്മുടെ എംപിമാരുടെ പെരുമാറ്റം ഈ വിധമാണെങ്കില്‍ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ' സുകുമാര്‍ പറഞ്ഞു.
2014ല്‍ ഡല്‍ഹി മഹാരാഷ്ട്ര സദനില്‍ ഭക്ഷണം മോശമായതിന്റെ പേരില്‍ അതു വിതരണം ചെയ്തയാളുടെ വായില്‍ ഗെയ്ക്കവാദ് ചപ്പാത്തി തിരുകിയതു വിവാദമായിരുന്നു. റമസാന്‍ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടായിരുന്നു എംപിയുടെ പരാക്രമം. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സ് സെക്യൂരിറ്റി കമ്മിറ്റിയില്‍ 2015 മുതല്‍ അംഗമായ എംപിക്കെതിരെ ഏതാനും ക്രിമിനല്‍ കേസുകളുമുണ്ട്.
അതിനിടെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗെയ്ക്കവാദിനെപ്പോലുള്ളവരെ വിമാനയാത്രകളില്‍നിന്നു വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇത്തരക്കാര്‍ ടിക്കറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വിമാന കമ്പനിക്കു വിവരം ലഭിക്കുന്നതാണ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."