ഫറോക്ക് നഗരസഭാ ബജറ്റില്‍ പ്രാമുഖ്യം കുടിവെള്ളത്തിന്
ഫറോക്ക്: മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് പ്രാമുഖ്യം നല്കി ഫറോക്ക് നഗരസഭയുടെ ബജറ്റ്. നിലവില്‍ ജപ്പാന് പദ്ധതി വഴി കുടിവെള്ളം ഫറോക്കിലെ ജലസംഭരണികളിലെത്തിക്കാനുള്ള പ്രവൃത്തി ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.
വിതരണ പൈപ്പുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിനും ബാക്കിയുള്ള സ്ഥലങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് വീടുകളില്‍ വെള്ളമെത്തിക്കുന്നതിനും പ്രാധാന്യം നല്‍കിയാണ് നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചയര്‍മാനുമായ വി. മുഹമ്മദ് ഹസ്സന് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭാ ചെയര്പേഴ്സന് ടി. സുഹറാബി അധ്യക്ഷയായി.
കുടിവെള്ളത്തിന് പുറമെ മിനി സിവില്സ്റ്റേഷന് നിര്‍മാണമാണ് നഗരസഭയുടെ മറ്റൊരു പ്രധാന പദ്ധതി. കാലപ്പഴക്കം ചെന്ന കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റിയാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുക.
വില്ലേജ് ഓഫിസ്, കൃഷിഭവന്, ബഡ്സ് സ്കൂള്‍, ആധുനിക രീതിയിലുള്ള ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിങ് സൗകര്യത്തോടുകൂടിയുള്ള കെട്ടിടമാണ് ഇതിനായി നിര്‍മിക്കുന്നത്. കെ.യു.ആര്.ഡി.എഫ്.സിയില്‍ നിന്ന് ആറുകോടി രൂപ കടമെടുത്താണ് കെട്ടിട നിര്‍മാണം.
ആലപ്പുഴ തുമ്പൂര്‍മൊഴി മോഡലിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ്, ശ്മശാന നിര്‍മാണം, വയോജന പാര്‍ക്ക്, ചാലിയാറിന്റെ തീരത്ത് നടപ്പാത എന്നിവയാണ് മറ്റു പദ്ധതികള്‍.
പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ ഭവന പദ്ധതി, നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികള്‍ തുടങ്ങിയവ വിപുലമായി തന്നെ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളുമാണ് ബജറ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."