പുരാവസ്തു ഉദ്ഖനനത്തിന് ഭരണകൂടം താല്‍പര്യം കാണിക്കുന്നില്ല: കെ.കെ മുഹമ്മദ്
കോഴിക്കോട്: രാജ്യത്തെ പുരാവസ്തു ഉദ്ഖനനത്തിന് ഭരണകൂടങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ മുന്‍ ഉത്തരമേഖലാ ഡയറക്ടര്‍ കെ.കെ മുഹമ്മദ്.
കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഇന്ത്യന്‍ പൈതൃകം കണ്ടുപിടിക്കുന്നതില്‍ യൂറോപ്യന്‍ ചരിത്രകാരന്‍മാരുടെ പങ്ക് വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നളന്ദ യൂനിവേഴ്‌സിറ്റിയുടെ ചുറ്റുഭാഗത്തുള്ള മറ്റ് സ്ഥലങ്ങള്‍ ഉദ്ഖനനം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാവും.
എന്നാല്‍ സ്ഥലം ഏറ്റെടുക്കാനാവശ്യമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങളോട് മുഖം തിരിഞ്ഞ സമീപനമാണ് ഭരണകൂടത്തിനുള്ളത്.
നളന്ദ യൂണിവേഴ്‌സിറ്റി കൂടാതെ പുരാവസ്തുവായി സംരക്ഷിക്കേണ്ട സ്ഥലങ്ങള്‍ ഉദ്ഖനനം നടത്താന്‍ മറ്റു പല പദ്ധതികളും സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അനാവശ്യമായി ഫണ്ടുകള്‍ ചിലവഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിസംഗത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം മാറി വന്നപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരായിരുന്നു ബി.ജെ.പി സര്‍ക്കാരിനെക്കാള്‍ ഭേദമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ രേഖപ്പെടുത്തി വയ്ക്കുന്ന പ്രവണത ഇന്ത്യയിലില്ലായിരുന്നു.
ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളും രേഖകളും കണ്ടെത്തിയതില്‍ യൂറോപ്യന്‍ ചരിത്രകാരന്‍മാരായ ചാള്‍സ് മേഴ്‌സണ്‍, ജോണ്‍ മാര്‍ഷല്‍, അലക്‌സാണ്ടര്‍ കണ്ണിംഹാം എന്നിവരുടെ പങ്ക് നിസ്തുലമാണ്.
ബുദ്ധന്‍ ഈജിപ്തുകാരനാണെന്നതും അശോകന്‍ ശ്രീലങ്കയിലായിരുന്നുവെന്ന ഇന്ത്യന്‍ സമൂഹത്തിലെ പല തെറ്റിദ്ധാരണകളും തിരുത്തപ്പെട്ടത് യൂറോപ്യന്‍ ചരിത്രകാരന്‍മാരുടെ ഗവേഷണത്തിലൂടെയായിരുന്നു.
ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. ഫാ.ജോര്‍ജ് പൂഞ്ചായില്‍, ആന്റണി പുലിക്കോട്ടില്‍, എം.രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."