ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ധന അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി ശ്രമം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖലയും ഉള്‍പ്പെടെ 2441.22 കോടിയുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ ശ്രമം നടത്താതെയാണ് സാധാരണ ഉപയോക്താക്കള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുന്നത്.
കുടിശ്ശിക പിരിച്ചെടുത്തതുകൊണ്ട് മാത്രം പ്രതിസന്ധി നീങ്ങില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്ന വാദമാണ് വൈദ്യുതി വകുപ്പ് ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധന വേണമെന്ന ആവശ്യം കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങുന്ന അവസ്ഥയിലാണ് കെ.എസ്.ഇ.ബി. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചു സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. നാലു വര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കുന്നതിനെ കുറിച്ചു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പരിശോധന നടത്തി വരികയാണ്. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി നിരക്ക് വര്‍ധനയ്ക്കുള്ള ശ്രമം കെ.എസ്.ഇ.ബി തുടങ്ങിയത്.
കെ.എസ്.ഇ.ബി പുറത്തു വിട്ട കണക്കു പ്രകാരം 2017 ഡിസംബര്‍ വരെ 2441.22 കോടിയാണ് വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം 109.09 കോടി കുടിശ്ശിക വരുത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളതാവട്ടെ 1424.91 കോടിയും. സ്വകാര്യ മേഖലയില്‍നിന്ന് കുടിശ്ശിക 550.28 കോടി വരും. ജലഅതോറിറ്റി മാത്രം നല്‍കാനുള്ളത് 1219.33 കോടിയാണ്. 151.52 കോടിയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുടിശ്ശിക പിരിക്കാനായത്. കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവം തന്നെയാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നത്.
കുടിശ്ശിക പിരിവിലൂടെ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. വരവും ചെലവും തമ്മിലെ വിടവ് പരിഹരിക്കാന്‍ താരിഫ് ക്രമപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക കാര്യക്ഷമത കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാലേ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാവൂ എന്നാണ് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 2017 ഏപ്രിലില്‍ ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്കില്‍ യൂനിറ്റിനു 10 മുതല്‍ 50 വരെ പൈസ വരേ വര്‍ധിപ്പിച്ചിരുന്നു. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ നിരക്കില്‍ 30 പൈസ വരെയുമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഓരോ വര്‍ഷവും നിരക്കു നിശ്ചയിക്കുന്നതാണ് നിലവിലെ രീതി.
ഓരോ വര്‍ഷവും നാല് ശതമാനം വര്‍ധന കമ്മിഷന്‍ അനുവദിച്ചിട്ടുമുണ്ട്. നേരത്തെ കെ.എസ്.ഇ.ബി ഇന്ധന സര്‍ചാര്‍ജായി യൂനിറ്റിനു 14 പൈസ വര്‍ധിപ്പിക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡിസംബറില്‍ യൂനിറ്റിനു നാലു പൈസ കൂടി കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷനോട് കെ.എസ്.ഇ.ബി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."