പുതിയ സ്വിഫ്റ്റിനായി കാത്തിരിക്കാം
2005ല്‍ ആണു മാരുതി സുസുകി സ്വിഫ്റ്റ് എന്ന പേരില്‍ ഒരു ഹോട്ട് ഹാച്ച് ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത്. ഇന്ന് 11 വര്‍ഷത്തിനു ശേഷം ലോകത്താകമാനം സുസുകി നിര്‍മിച്ച സ്വിഫ്റ്റുകളില്‍ പകുതിയില്‍ കൂടുല്‍ വിറ്റത് ഇന്ത്യയിലാണ്. 2016 ഏപ്രില്‍ വരെ 50 ലക്ഷം സ്വിഫ്റ്റുകള്‍ നിര്‍മിച്ചതില്‍ 54 ശതമാനം കാറുകളും വാങ്ങിക്കൂട്ടിയത് നമ്മള്‍ തന്നെയാണ്.
സ്വിഫ്റ്റിനെ കൂടുതല്‍ പുതുമയുള്ളതാക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണു ജപ്പാനില്‍ സുസുകി. അടുത്തവര്‍ഷം കാര്‍ പുറത്തിറങ്ങും. ഒരു ദശകത്തിനിടെ മാരുതി പല മാറ്റങ്ങളും വരുത്തിയിരുന്നെങ്കിലും ഇത്തവണ പുറത്തിറങ്ങാന്‍ പോകുന്നതു പൂര്‍ണമായും പുതിയ കാര്‍ ആണെന്ന വ്യത്യാസമുണ്ട്.
11 വര്‍ഷം മുമ്പ് 2005 മേയില്‍ 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി ഇവിടെയെത്തിയ കാറിന് 2007ല്‍ ഫിയറ്റിന്റെ 1.3 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിച്ച് ഡീസല്‍ മോഡലും പുറത്തിറക്കിയിരുന്നു. മലിനീകരണനിയന്ത്രണ നിയമങ്ങളെതുടര്‍ന്ന് 2010 മുതല്‍ പെട്രോള്‍ മോഡലില്‍ പുതിയ കെ. സീരീസ് എന്‍ജിന്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പുതിയ കെ. സീരീസ് മോഡലിന് തുടക്കത്തില്‍ ഉണ്ടായിരുന്ന എന്‍ജിന്റെ ചടുലത ഇല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും, ഇതൊന്നും കൂസാതെ കാര്‍ വില്‍പ്പനയുടെ ഗ്രാഫ് മേലോട്ടുതന്നെയായിരുന്നു. ഇന്നും 2010ന് മുന്‍പുള്ള പെട്രോള്‍ സ്വിഫ്റ്റിന് ആവശ്യക്കാര്‍ ഏറെയുള്ളതിനു കാരണവും ആ ത്രസിപ്പിക്കുന്ന എന്‍ജിന്‍ പെര്‍ഫോമന്‍സ് തന്നെ.
നിലവിലുള്ള സ്വിഫ്റ്റിനേക്കാള്‍ 100 കിലോയോളം ഭാരക്കുറവുണ്ട് പുതിയ കാറിന്. 50 മില്ലിമീറ്റര്‍ നീളവും കൂടിയിട്ടുണ്ട്. ഈയിടെ എത്തിയ ബലേനിയോയുടെ അതേ പ്‌ളാറ്റ്‌ഫോമില്‍ തന്നെയാണു പുതിയ സ്വിഫ്റ്റും നിര്‍മിച്ചിരിക്കുന്നതെന്നതാണു ഭാരക്കുറവിനു കാരണം. ഭാരം കുറഞ്ഞ സ്വിഫ്റ്റ് പെര്‍ഫോമന്‍സിലും മൈലേജിലും മുന്നിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. വലിയ ഗ്രില്ലുകളും പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും പുതിയ മോഡലിന്റെ സവിശേഷതയാണ്. പിറകിലെ ഡോര്‍ ഹാന്റിലിനും സവിശേഷതയുണ്ട്. ഷെവര്‍ലെ ബീറ്റിന്റെയും മഹീന്ദ്രയുടെ കെ. യു.വി 100 പോലെയും പിന്‍വശത്തെ വിന്‍ഡോയോടു ചേര്‍ന്നാണു ഹാന്റില്‍.
1.2 ലിറ്റര്‍ കെ. സീരീസ് പെട്രോള്‍ എന്‍ജിന് പുറമെ മാരുതി തന്നെ വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനും പുതിയ സ്വിഫ്റ്റില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൂടാതെ 1.4 ലിറ്റര്‍ ടെര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായി 140 ബി. എച്ച്. പി കരുത്തുള്ള ഒരു മോഡലും റോഡുകളെ തീപിടിപ്പിക്കാനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിറ്റാറ ബ്രെസ മോഡലില്‍ ഈ എന്‍ജിന്‍ ആണ് സുസുകി ഉപയോഗിക്കുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടാണ് ഈ ഹൈ പെര്‍ഫോമന്‍സ് സ്വിഫ്‌റ്റെങ്കിലും നമുക്കുകൂടി ഒരു പരിഗണന ലഭിക്കുമെന്ന് ആശിക്കാം. ഒക്‌ടോബറില്‍ നടക്കുന്ന പാരിസ് ഓട്ടോഷോയില്‍ പുതിയ സ്വിഫ്റ്റിനെ സുസുകി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."