അര്‍ജന്റീനയ്ക്ക് തിരിച്ചടി; പരുക്കേറ്റ് റൊമേറോ പുറത്ത്
ബ്യൂണസ് അയേഴ്സ്: 32 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് കനത്ത തിരിച്ചടി. ഏറ്റവും പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ബ്യൂണസ് അയേഴ്സില്‍ ആരംഭിച്ച അര്‍ജന്റീന ടീമിന്റെ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ അപ്രതീക്ഷിതമായി പരുക്കേറ്റതാണ് താരത്തിന് വിനയായത്. റൊമേറോയുടെ വലത് കാല്‍മുട്ടിനാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതിനാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോകകപ്പിനായുള്ള 23 അംഗ ടീമില്‍ നിന്ന് റൊമേറയെ ഒഴിവാക്കിയതായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് വ്യക്തമാക്കി. ഫ്രാങ്കോ അര്‍മാനി, വില്‍ഫ്രഡോ കബല്ലെറോ എന്നിവരാണ് 23 അംഗ ടീമില്‍ റൊമേറോയെ കൂടാതെ ഇടംപിടിച്ച ഗോള്‍ കീപ്പര്‍മാര്‍. റൊമേറോയുടെ പകരക്കാരനെ സമീപ ദിവസങ്ങളില്‍ കോച്ച് സംപോളി പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഗോള്‍ കീപ്പറാണ് റൊമേറോ. 2010, 2014 വര്‍ഷങ്ങളില്‍ ലോകകപ്പ് കളിച്ച ടീമില്‍ അംഗമായിരുന്ന താരം ദേശീയ കുപ്പായത്തില്‍ 83 മത്സരങ്ങളില്‍ വല കാത്തു. 2008ല്‍ ബെയ്ജിങ് ഒളിംപിക്സില്‍ അര്‍ജന്റീന ഫുട്ബോള്‍ സ്വര്‍ണം നേടിയപ്പോള്‍ റൊമേറോ ടീമിലുണ്ടായിരുന്നു. പരാജയമേറ്റ് വാങ്ങിയ കഴിഞ്ഞ ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും വല കാത്തത് റൊമേറോയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."