മദ്‌റസാ അധ്യാപകന്റെ കൊലപാതകം; പ്രതികളുടെ ലക്ഷ്യം സാമുദായിക സ്പര്‍ധയെന്ന് പൊലിസ്
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മുസ്‌ലിയാരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളുടെ ലക്ഷ്യം സാമുദായിക സ്പര്‍ധയെന്ന് അന്വേഷണ സംഘം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ കൊലപാതകമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
തീവ്ര വര്‍ഗീയ നിലപാടുകാരായ പ്രതികള്‍ മദ്യ ലഹരിയില്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ ആക്രമിക്കുന്നത് പതിവാണത്രെ. ഇത്തരത്തില്‍ ഒരു ആക്രമണത്തിലാണു പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യപകന്‍ കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗര്‍ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസ് കൊല്ലപ്പെട്ടതെന്ന് പൊലിസ് പറയുന്നു.
രണ്ടാഴ്ച മുന്‍പ് കാസര്‍കോട് നഗരത്തിനടുത്ത് നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടെ പ്രതികള്‍ ചിലരുമായി വാക്കേറ്റത്തിലും കൈയാങ്കളിയിലും ഏര്‍പ്പെട്ടു. പിന്നീട് ആയുധങ്ങളുമായി തിരികെയെത്തിയ ഇവരും നാട്ടുകാരില്‍ ചിലരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ സംഭവത്തില്‍ പ്രതികളില്‍ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രശ്‌നത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ല. അക്രമത്തില്‍ പരുക്കേറ്റതിനു പകരം ചോദിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കൊല ആസൂത്രണം ചെയ്തത്. സംഭവം നടന്ന് രണ്ടുദിവസം നഗരത്തിലും സമീപപ്രദേശങ്ങളിലും പ്രതികള്‍ ചുറ്റിക്കറങ്ങിയെങ്കിലും ആരെയും ആക്രമിക്കാന്‍ പറ്റിയില്ല.
21ന് അര്‍ധരാത്രി ചുറ്റിക്കറങ്ങുമ്പോഴാണു പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനു സമീപം ബൈക്ക് കിടക്കുന്നതു പ്രതികള്‍ കണ്ടത്. ഈസമയം പള്ളിയില്‍ ഒരു മുറിയില്‍ വിളക്ക് കണ്ടതോടെ അങ്ങോട്ടുകയറി ചെന്ന് മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കുത്തി വീഴ്ത്തുകയായിരുന്നു. അജേഷാണു മുഹമ്മദ് റിയാസിനെ കുത്തിവീഴ്ത്തിയത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍അസീസ് വഹബി വാതില്‍ തുറന്നപ്പോള്‍ നിതിന്‍ റാവുവാണ് അദ്ദേഹത്തിനു നേരെ കല്ലെറിഞ്ഞത്. ഇതിനുശേഷം പ്രതികള്‍ അവിടെ നിന്നു രക്ഷപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണത്തിലാണു കൊലയെന്ന് അന്വേഷണ സംഘം പറയുമ്പോഴും ഇത്രയും ദിവസത്തെ ഗൂഢാലോചന പൊലിസ് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച് ചോദ്യംചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. അറസ്റ്റുചെയ്യപ്പെട്ടവര്‍ നേരത്തെ മറ്റു കേസുകളിലൊന്നും പ്രതികളല്ല. എന്നാല്‍ ഒട്ടുമിക്ക സംഘര്‍ഷ സ്ഥലങ്ങളിലും പ്രതികളുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെന്നു പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."