സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഭിപ്രായ പ്രകടനത്തിന് വിലക്ക്
തിരുവനന്തപുരം: സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി വരുന്നു.
ജീവനക്കാര്‍ ഓഫിസിലോ പൊതുവേദിയിലോ സമരവേദിയിലോ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.
സെക്രട്ടേറിയറ്റില്‍ കെ.എ.എസ് (കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്) നടപ്പിലാക്കുന്നതിനെതിരേ പരസ്യ പ്രസ്താവനയും സമരവുമായി രംഗത്തിറങ്ങിയിരിക്കുന്ന ഭരണ, പ്രതിപക്ഷ യൂനിയനുകളില്‍പെട്ട ജീവനക്കാരെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ പുതിയ തന്ത്രമിറക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മറ്റു പൊതു ഇടങ്ങളിലും പാര്‍ട്ടി യോഗങ്ങളിലും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്താന്‍ പാടില്ല. ഇത് ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇന്നലെ സര്‍ക്കുലറിലൂടെ എല്ലാ വകുപ്പ് മേധാവികളെയും അറിയിച്ചു.
ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരേ ഉചിതനടപടി വകുപ്പ് മേധാവികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ വീഴ്ചയായി കണക്കാക്കി അവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ, നടപടിയെയോകുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ വിമര്‍ശനത്തിലോ യാതൊരു രീതിയിലും പങ്കെടുക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടന്ന് സര്‍ക്കുലറില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസ് പരിസരത്ത് അല്ലെങ്കില്‍ ഡ്യൂട്ടിയിലിരിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ ഏതെങ്കിലും മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ പൊതു പ്രകടനങ്ങളില്‍ പങ്കെടുക്കുകയോ പാടില്ലാത്തതാണെന്നും റൂളില്‍ പറയുന്നതായും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കെ.എ.എസ് സമരത്തെ നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടനകള്‍.
കെ.എ.എസ് നടപ്പിലാക്കാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഒപ്പിട്ടതിനു ശേഷം മെല്ലെപോക്കും നില്‍പ്പ് സമരവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി ഒപ്പിട്ട ശേഷം സീറ്റില്‍ നിന്ന് മുങ്ങുന്ന ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
ഒപ്പിട്ടു മുങ്ങുന്നവരെ കണ്ടെത്താന്‍ സെക്ഷന്‍ ഓഫിസര്‍മാരെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ ഇതിനോട് സഹകരിച്ചില്ല. മാത്രമല്ല, സമരത്തില്‍ പങ്കെടുത്ത എല്ലാവരും സീറ്റുകളിലുണ്ടായിരുന്നുവെന്ന് തെറ്റായ റിപ്പോര്‍ട്ടും നല്‍കി. അതിനാല്‍ സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ല.
യൂനിയന്‍ നേതാക്കള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഡ്യൂട്ടി സമയത്ത് കവല പ്രസംഗങ്ങള്‍ വരെ നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പെരുമാറ്റ ചട്ടം നടപ്പിലാക്കി ജീവനക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്. ചട്ടം ലംഘിക്കുന്ന ജീവനക്കാരെ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കി ജോലിയില്‍ നിന്നു പിരിച്ചു വിടുക വരെ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."