കനാലുകളും തടയണകളും നവീകരിക്കണമെന്ന്
പുല്‍പ്പള്ളി: വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി അനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച് നിലവിലുള്ള കനാലുകളും തടയണകളും നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ ജലസേചന പദ്ധതികള്‍ ആരംഭിക്കുമ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച തടയണകളും ചെക്ക്ഡാമുകളും സംരക്ഷിക്കാതെ നശിക്കുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ ജലസേചന വകുപ്പോ, ത്രിതല പഞ്ചായത്തോ തയാറാകുന്നില്ല. വര്‍ഷാവര്‍ഷം വരള്‍ച്ചയുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്.
കനാലുകള്‍ പൊട്ടിത്തകര്‍ന്ന് നാമാവശേഷമായി കിടക്കുമ്പോഴും അത് സംരക്ഷിക്കുന്നതിന് ആരും തയാറാകുന്നില്ല. തടയണകളും കനാലുകളും നിര്‍മിക്കുന്ന പ്രദേശങ്ങള്‍ ജനങ്ങളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് പദ്ധതി തയാറാക്കാതെ ചില ജനപ്രതിനിധികളെ സഹായിക്കുന്ന തരത്തിലാണ് പല പദ്ധതികളും ആരംഭിക്കുന്നത്. പുതിയതായി അനുവദിച്ച പദ്ധതികള്‍ ഗ്രാമസഭകളുടെ താത്പര്യപ്രകാരം നടപ്പിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."