ഓടയില്‍ വീണു മരണം: പൊതുമരാമത്ത് വകുപ്പിനോട് പൊലിസ് വിശദീകരണം തേടി
കോഴിക്കോട്: പടിഞ്ഞാറെ മാങ്കാവ് ബൈപ്പാസില്‍ സ്ലാബില്ലാത്ത ഓടയില്‍ വീണു കാല്‍നട യാത്രക്കാരനായ കുഴിപ്പള്ളി തിരുനെല്ലി വീട്ടില്‍ മനംകുളങ്ങര ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനോട് പൊലിസ് വിശദീകരണം തേടി. പന്നിയങ്കര എസ്.ഐ ഇ.ആര്‍ ബൈജുവാണ് പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണമാവശ്യപ്പെട്ടത്. സ്ലാബ് തുറന്നത് എന്തിനാണ്, ആരുടെ മേല്‍നോട്ടത്തിലാണ്, അറ്റകുറ്റപ്പണി ഏല്‍പ്പിച്ചത് ആരെയാണ്, കരാറുകാരെയാണെങ്കില്‍ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളിലെല്ലാം പൊതുമരാമത്ത് വകുപ്പിനോട് പൊലിസ് വിശദീകരണം തേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം ലഭിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് എസ്.ഐ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പന്നിയങ്കര പൊലിസ് തിങ്കളാഴ്ച അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശശീന്ദ്രന്‍ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ ഓടയിലെ വെള്ളം തന്നെയാണ് ഉള്ളില്‍ ചെന്നതെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഡയാറ്റം ടെസ്റ്റിന്റെ വിശദാംശങ്ങള്‍ പൊലിസിനു ലഭിച്ചിട്ടില്ല. ഓടയിലെ വെള്ളം പരിശോധനയ്ക്കായി കോഴിക്കോട് റീജ്യനല്‍ കെമിക്കല്‍ ലാബില്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ നടപടികളിലേക്ക് പൊലിസ് നീങ്ങുകയുള്ളൂ.
അടയ്ക്കാത്ത സ്ലാബില്‍ വീണു മരിക്കുന്ന മൂന്നാമത്തെയാളാണ് ശശീന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാവൂര്‍ റോഡിലെ ഓടയില്‍ വീണു ദിവാകരന്‍ എന്ന പൊലിസുകാരനും റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍ വീണ് ആയിഷാബി എന്ന വീട്ടമ്മയും മരിച്ചിരുന്നു. ദിവാകരന്‍ മരിച്ചത് കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള റോഡിലായതിനാല്‍ അന്നു കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
മഴവെള്ളക്കെട്ട് കാരണം റോഡും ഓടയും ഏതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്. ഏറെ ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. മഴ കനക്കുന്നതോടെ ഇനിയും അപകടങ്ങള്‍ വര്‍ധിക്കുമെന്ന ഭീതിയിലാണ് ജനം. സ്‌കൂള്‍ കുട്ടികള്‍ പതിവായി പോകുന്നതടക്കമുള്ള നഗരത്തിലെ മിക്ക ഓടകളുടെ സ്ഥിതിയും സമാനമാണ്. ഓരോ സ്ലാബുകള്‍ മൂടാത്തതിനു പിന്നിലും ഓരോ കാരണം കണ്ടെത്തി ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."