തിരുനെല്ലി പഞ്ചായത്തിലെ കാട്ടാന ശല്യംറെയില്‍ പാളങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കണം
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കര്‍ണാടക മാതൃക പിന്തുടരണമെന്ന ആവശ്യമുയരുന്നു. കര്‍ണാടകയിലെ രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലാണ് റെയില്‍ പാളങ്ങള്‍ കൊണ്ട് പ്രതിരോധ മതില്‍ നിര്‍മിച്ചത്. ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഈ സംവിധാനം വളരെ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ റെയില്‍വേ ലൈനുകള്‍ ഭൂരിഭാഗവും മീറ്റര്‍ ഗേജ് ആയിരുന്നു. ഇത് മാറ്റി പുതിയ ലൈനുകള്‍ വന്നതൊടെ ഒഴിവാക്കപ്പെട്ട റെയില്‍വേ പാളങ്ങള്‍ ഉപയോഗിച്ചാണ് വനം വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കിയത്. കല്‍മതിലിനെ അപേക്ഷിച്ച് ഈ പദ്ധതിക്ക് ചിലവ് താരതമ്യേന കുറവാണ്. കൂടാതെ ഏത് സ്ഥലങ്ങളിലും കൊണ്ട് പോയി ഇത് സ്ഥാപിക്കാമെന്നതാണ് പ്രധാന ഗുണം. കല്‍മതില്‍ നിര്‍മിക്കാനാവശ്യമായ കല്ലുകളും മറ്റും വനാന്തര്‍ഭാഗങ്ങളിലും മറ്റും എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ റെയില്‍ പാളങ്ങള്‍ അനായാസേന ചതുപ്പ് സ്ഥലങ്ങളിലോ കുന്നിന്‍ മുകളിലോ എത്തിച്ച് സ്ഥാപിക്കാന്‍ കഴിയും. മരം വീഴുകയോ, കാട്ടാനകള്‍ ചവിട്ടുകയോ, ശകതമായ മഴ പെയ്താലോ റെയില്‍ പാളങ്ങള്‍ ഉപയോഗിച്ചുള്ള മതിലുകള്‍ തകരാനുള്ള സാധ്യതയും കുറവാണ്.
കല്‍മതിലുകളെ അപേക്ഷിച്ച് ഈ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അറ്റകുറ്റ പണികളും ആവശ്യമില്ല. ജില്ലയില്‍ ആദ്യമായി തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ ഇരുമ്പ് പാലത്താണ് വനം വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍മതില്‍ നിര്‍മിച്ചത്. നിലവില്‍ ഇത് തകര്‍ന്ന് കിടക്കുകയാണ്. റെയിന്‍ പാളങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ മതില്‍ നിര്‍മിക്കുമ്പോള്‍ ഇവയുടെ താഴ്ഭാഗത്ത് വിടവുകളുണ്ടാകും. ഇവിടെ കുറഞ്ഞ ചെലവില്‍ നെറ്റുകള്‍ സ്ഥാപിച്ചാല്‍ കടുവ, കാട്ടുപന്നി, മാന്‍ എന്നിവ കൃഷിയിടത്തിലേക്കും, ജനവാസ കേന്ദ്രങ്ങളിലേക്കും എത്തുന്നതും തടയാന്‍ കഴിയും. കല്‍മതിലുകള്‍ നിര്‍മിക്കാന്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും കുടുതല്‍ സമയവും ആവശ്യമാണ്.
തിരുനെല്ലി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കര്‍ണാടക മാതൃക നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുനെല്ലി പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."