ദേശീയ വിദ്യാഭ്യാസ സര്‍വേ: മികച്ച പ്രകടനവുമായി മലപ്പുറം
മലപ്പുറം: എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ സംസ്ഥാനതലത്തില്‍ ജില്ല രണ്ടാമത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേയിലാണ് അഞ്ചാം ക്ലാസിലെ ഈ കണ്ടെത്തല്‍.
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ കുറയുന്നുവെന്നു കണ്ടെത്തുന്ന സര്‍വേയില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം മുന്നേറുന്നതായി പരാമര്‍ശമുണ്ട്. മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഗുണനിലവാരത്തില്‍ ഒന്‍പതാം സ്ഥാനത്തുള്ള ജില്ല അഞ്ചാം ക്ലാസിലെത്തുമ്പോള്‍ രണ്ടാമതെത്തുന്നു. അല്‍പം പിറകോട്ടുപോകുന്നുണ്ടെങ്കിലും എട്ടാം ക്ലാസ് പഠന നിലവാരത്തില്‍ സംസ്ഥാനതലത്തില്‍ ആറാം സ്ഥാനത്താണ് ജില്ല.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് പഠന നിലവാരത്തില്‍ മലപ്പുറത്തിനു മുന്നിലുള്ളത്. അഞ്ചാം ക്ലാസിലെ നിലവാരത്തില്‍ രണ്ടാമതുള്ള ജില്ലയ്ക്കു മുന്നില്‍ തിരുവനന്തപുരം മാത്രമാണുള്ളത്. പരിസ്ഥിതി പഠനം, ഭാഷ, ഗണിതം, സയന്‍സ്, എസ്.എസ് എന്നീ വിഷയങ്ങളില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളില്‍ സര്‍വേ നടന്നത്. മൂന്നാം ക്ലാസില്‍ സംസ്ഥാന ശരാശരിക്ക് പിറകിലും ദേശീയ ശരാശരിക്കു മുകളിലുമുള്ള ജില്ല, അഞ്ചാം ക്ലാസ് പഠനത്തില്‍ എല്ലാ വിഷയങ്ങളിലും സംസ്ഥാന, ദേശീയ ശരാശരിക്കു മുകളിലാണ്.
എട്ടാംക്ലാസിലെ ഗണിത പഠനത്തില്‍ 54.89 ശതമാനമാണ് ജില്ലയുടെ പുരോഗതി. ഇതില്‍ കേന്ദ്ര, സംസ്ഥാന ശരാശരി യഥാക്രമം 42, 50 എന്നിങ്ങനെയാണ്. എന്നാല്‍, സമൂഹശാസ്ത്ര പഠന പുരോഗതിയില്‍ 34.39 ശതമാനം മാത്രമാണ് ജില്ലയ്ക്കുള്ളത്്. സംസ്ഥാനം ഇതില്‍ 36ഉം കേന്ദ്രം 44 ഉം ശതമാനം പുരഗോതി നേടിയിട്ടുണ്ട്്. അതേസമയം, എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി പ്രകാരം നടത്തിയ സര്‍വേ ചോദ്യങ്ങളായതിനാല്‍ പലതും കേരളത്തിലെ പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതായിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ സര്‍വേയില്‍ ദേശീയതലത്തില്‍തന്നെ മികച്ച പ്രകടനമാണ് ജില്ലയുടേത്്. സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ പ്രത്യേക കര്‍മ പദ്ധതി തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."