മാന്നാറിന്റെ വെങ്കലത്തിളക്കം മങ്ങുന്നു; പൈതൃക ഗ്രാമം പദ്ധതി കടലാസില്‍
മാന്നാര്‍: നഷ്ടപ്രതാപത്തിന്റെ തിരുശേഷിപ്പു മാത്രമാണ് ഇന്ന് മാന്നാറില്‍. വെങ്കലത്തിന്റെ തിളക്കം നാടിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചെങ്കില്‍ ഇന്ന് പൈതൃക വ്യാപാരം വംശനാശം നേരിടുകയാണ്.
ഒരു കാലത്ത് പരമ്പരാഗത ഓടു നിര്‍മാണ ശാലകളുടെ കേന്ദ്രമായിരുന്നു മാന്നാര്‍. എന്നാല്‍ ഇന്ന് അത് നാമമാത്ര വ്യവസായം ആയി. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് മാന്നാറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്. ഇതിനുള്ള തുക ടൂറിസം പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അന്നറിയിച്ചിരുന്നു.
അന്നത്തെ എംഎല്‍എ ആയിരുന്ന ആര്‍. രാമചന്ദ്രന്‍ നായര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം മാന്നാറില്‍ നടത്തുകയും ചെയ്തു. മാന്നാറിലെ വെങ്കല വിളക്കുകള്‍ക്കും പാത്രങ്ങള്‍ക്കും വന്‍ ഡിമാന്റ്ുണ്ടെങ്കിലും അവ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതും ആവശ്യത്തിനു തൊഴിലാളികളെ കിട്ടാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഒരു വീടിന് ഒരു ആല വെച്ച് നൂറിലധികം ആലകള്‍ മാന്നാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പത്ത് വീടിന് ഒരു ആല തന്നെ കഷ്ടിയാണെന്നു പ്രദേശ വാസികള്‍ പറയുന്നു. മാന്നാറിലെ വിശ്വകര്‍മ്മജരുടെ കുലത്തൊഴിലായ വെങ്കല നിര്‍മ്മാണത്തില്‍ പുതുതലമുറ ഒട്ടും ആകര്‍ഷിക്കപ്പെടുന്നില്ല. മാന്നാറിന്റെ പരമ്പരാഗത വ്യവസായങ്ങളായ വെങ്കലം, വെള്ളി ആഭരണ നിര്‍മാണം എന്നിവയെ പ്രോത്സാഹിപ്പിക്കാനും ഇതിനു വിദേശത്തുള്‍പ്പടെ കൂടുതല്‍ വിപണന സാധ്യതകള്‍ കണ്ടെത്താനും മാന്നാര്‍ പൈതൃക ഗ്രാമം ആകുന്നതിലൂടെ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കൂടാതെ പുത്തന്‍ തലമുറയെ ഈ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠന സംവിധാനം ഏര്‍പ്പെടുത്തി ഈ രംഗം നിലനിര്‍ത്തുക എന്നതും പൈതൃക ഗ്രാമമാകുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നു.
ഇതിന്റെ നിര്‍മാണവും വിപണനവും അടുത്ത് കാണാനും പരിചയപ്പെടുവാനും വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവരെ ഇവിടേക്കു ആകര്‍ഷിക്കാനും ഇതിലൂടെ ഈ പാരമ്പര്യ വ്യവസായത്തെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുവാനും പൈതൃക ഗ്രാമത്തിലൂടെ കഴിമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.
മാന്നാറിന്റെ പൈതൃക പാരമ്പര്യ വ്യവസായങ്ങള്‍ സംരക്ഷിക്കുവാന്‍ ഗുണകരമായിരുന്ന പൈതൃക ഗ്രാമം പ്രഖ്യാപനത്തിലൊതുക്കാതെ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഈ വ്യവസായം നശിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വ്യവസായമായ വെങ്കല നിര്‍മ്മാണത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തിനാല്‍ അവശേഷിക്കുന്ന വെങ്കല നിര്‍മ്മാണ യൂണിറ്റുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."