എസ്എസ്എല്‍സി കണക്കു പരീക്ഷ റദ്ദാക്കി; 30നു വീണ്ടും നടത്തും
തിരുവനന്തപുരം: കഴിഞ്ഞ 20 നു നടത്തിയ എസ്എസ്എല്‍സി ഗണിതശാസ്ത്രം പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷ ഈ മാസം 30നു ഉച്ചയ്ക്ക് 1.30 നു വീണ്ടും നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ നടത്തിയ പരീക്ഷ റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും തീരുമാനിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമായിരുന്ന കണക്കു പരീക്ഷയിലെ ചില പ്രധാന ചോദ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനം പുറത്തിറക്കിയ ചോദ്യശേഖരത്തില്‍നിന്ന് കോപ്പിയടിച്ചതാണെന്ന പരാതി ഉണ്ടായിരുന്നു. ആരോപണത്തില്‍ വകുപ്പുതല അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച് പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു വിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.
മലപ്പുറം അരീക്കോട് തോട്ടുമുക്കം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ എജുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (മെറിറ്റ്) എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയാറാക്കിയ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പൊതുപരീക്ഷയ്ക്കു ചോദിച്ചതുമായി ബന്ധപ്പെട്ട ആരോപണം ശരിവയ്ക്കുന്നതാണ് പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.
പതിമൂന്നു ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പറിലെ അതേപോലെ വന്നുവെന്നാണ് പരാതി. പരീക്ഷ കഴിഞ്ഞപ്പോള്‍തന്നെ ചോദ്യങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ ഇവിടെ ക്ലാസ് എടുക്കാറുണ്ടെന്നും ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ പരീക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തുക വിദ്യാഭ്യാസ വകുപ്പിനു വെല്ലുവിളിയാണ്. മാത്രമല്ല പരീക്ഷ പ്രഖ്യാപിച്ച 30 നാണ് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നത്.
Read More... മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."