കോളയും പെപ്‌സിയുമില്ല; വഴിയോര കച്ചവടക്കാര്‍ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക്
കോഴിക്കോട്: ചൂട് കനത്തുവെങ്കിലും അന്യസംസ്ഥാന ശീതളപാനീയ വഴിയോരകച്ചവടക്കാര്‍ കേരളത്തിലേക്കില്ല. തമിഴ്‌നാട്ടില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശീതളപാനീയങ്ങളുടെ വില്‍പ്പന കച്ചവടക്കാര്‍ നിര്‍ത്തിവച്ചതോടെ വഴിയോരകച്ചവടക്കാര്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് ചേക്കേറികഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും പതിവായി കരിക്ക്, പനങ്കരിക്ക് വില്‍പ്പനക്കെത്തുന്നവരും ഇത്തവണ ഇങ്ങോട്ടില്ല. ഇവിടെ വന്നവരാകട്ടെ അടുത്ത മാസം ആദ്യത്തോടെ തിരിച്ചുപോകാനൊരുങ്ങുകയുമാണ്.
കേരളത്തില്‍ ചൂട് വര്‍ധിക്കുന്നതോടെ എല്ലാ വര്‍ഷവും പാതയോരങ്ങളില്‍ ശീതളപാനീയക്കാരും കരിക്കുവില്‍പ്പനക്കാരും സ്ഥാനം പിടിക്കാറാണ് പതിവ്. എന്നാല്‍ തമിഴ്‌നാട്ടില്‍ പെപ്‌സിയും കോളയും നിരോധിച്ചതിനാല്‍ അവിടെ പനങ്കരിക്കിനും കരിക്കിനും നാടന്‍ പാനീയങ്ങള്‍ക്കും വന്‍ ഡിമാന്റാണെന്നു കച്ചവടക്കാര്‍ പറയുന്നു. ഇതിനാല്‍ കേരളത്തിലെ കച്ചവടം 20 ദിവസത്തിനകം നിര്‍ത്താനാണ് ഇവരുടെ തീരുമാനം. കേരളത്തില്‍ ഒരുദിവസം 5000 രൂപയുടെ കച്ചവടം നടക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കച്ചവടം പൊടിപൊടിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തമിഴ്‌നാട്ടില്‍ ചില്ലറവില്‍പന വ്യാപാരികളുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് ബഹുരാഷ്ട്ര കമ്പനികളായ പെപ്‌സിക്കും കൊക്കകോളയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ്. പ്രതിവര്‍ഷം 1400 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിലേറെയും ഈ ചൂടുകാലത്തുള്ള കച്ചവടത്തിന്റേതാണ്. യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ പെറ്റയുടെ ഹരജിയെതുടര്‍ന്ന് ജല്ലിക്കെട്ട് നിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് പെപ്‌സിയുടെയും കൊക്കകോളയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തമിഴ്‌നാട് വണികര്‍ സംഘവും മറ്റു ചെറുകിട വ്യാപാരികളും തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."