മന്ത്രിമന്ദിരങ്ങള്‍ക്ക് അറ്റകുറ്റപ്പണി; ചെലവ് 35.95ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 35,95,000 രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ ഷാഫി പറമ്പിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 32,62,000 രൂപ സിവില്‍ ജോലികള്‍ക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായി ചെലവഴിച്ചു. പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മോടി പിടിപ്പിക്കാനോ പണം ചെലവഴിച്ചിട്ടില്ല.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി പൊതുമരാമത്ത്, ടൂറിസം, ശുചിത്വ മിഷന്‍, പൊതു ഭരണ വകുപ്പുകള്‍ ചേര്‍ന്ന് 35,5,894 രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും പൊതുഭരണ വകുപ്പ് 20,000 രൂപയും ശുചിത്വ മിഷന്‍ 81,280 രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ച ഇനത്തില്‍ സ്ഥാപനങ്ങള്‍ ബില്ലുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ തുക നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജൂണ്‍ 21 വരെ 4,308 ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എ.എം ഷംസീറിനെ മുഖ്യമന്ത്രി അറിയിച്ചു. പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എസ്‌ചേഞ്ച് മുഖേന നികത്താന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും നിയമനാധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 1,59,238 പേര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നു പി.കെ ബഷീറിനെ മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."