കറക്കി വീഴ്ത്തി കുല്‍ദീപ്
ധര്‍മശാല: നാലു വിക്കറ്റുകള്‍ പിഴുത് അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കിയ ഇടം കൈയന്‍ ചൈനാമെന്‍ ബൗ ളര്‍ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ് ബലത്തില്‍ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 300 റണ്‍സില്‍ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരോവര്‍ മാത്രം കളിച്ച് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കാനാകാതെ ആദ്യ ദിനത്തിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ മുരളി വിജയ്- കെ.എല്‍ രാഹുല്‍ സഖ്യമാണു ക്രീസില്‍.
ടെസ്റ്റിലെ 20ാം സെഞ്ച്വറിയും ഈ പരമ്പരയിലെ മൂന്നാം ശതകവും പിന്നിട്ടു സ്റ്റീവന്‍ സ്മിത്ത് ഒരിക്കല്‍ കൂടി ആസ്‌ത്രേലിയന്‍ ടീമിന്റെ രക്ഷകനായി. ഇന്ത്യയില്‍ പര്യടനത്തിനെത്തി ഒരു പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ കുറിക്കുന്ന ആദ്യ ഓസീസ് നായകനെന്ന പെരുമയും ഇനി സ്മിത്തിന്റെ പേരിലാണ്. 173 പന്തുകള്‍ നേരിട്ട് 14 ഫോറുകളുടെ അകമ്പടിയോടെ സ്മിത്ത് 111 റണ്‍സെടുത്തു. പരമ്പരയില്‍ ആദ്യമായി ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (56), വാലറ്റത്ത് 57 റണ്‍സെടുത്ത മാത്യു വെയ്ഡ് എന്നിവരുടെ ചെറുത്തുനില്‍പ്പാണു ഓസീസ് സ്‌കോര്‍ 300ല്‍ എത്തിച്ചത്. മറ്റൊരു ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാട്ടിയില്ല. മധ്യനിര അമ്പേ പരാജയപ്പെട്ടു ആയുധം വച്ചു കീഴടങ്ങുകയായിരുന്നു.
ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. പരുക്കിനെ തുടര്‍ന്നു വിരാട് കോഹ്‌ലി മാറി നിന്നപ്പോള്‍ അജിന്‍ക്യ രഹാനെയാണു ഇന്ത്യയെ നയിച്ചത്. കോഹ്‌ലിയുടെ ഒഴിവിലേക്കു കുല്‍ദീപ് യാദവിനെ കൊണ്ടു വരാനുള്ള തീരുമാനം കുറിക്കുകൊണ്ടു. ഇഷാന്ത് ശര്‍മയ്ക്കു പകരം ഭുവനേശ്വര്‍ കുമാറും അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
രണ്ടാം ഓവറിന്റെ നാലാം പന്തില്‍ റെന്‍ഷോയെ ബൗള്‍ഡാക്കി ഉമേഷ് യാദവാണു ഓസീസ് തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ക്കു കൂട്ടായി സ്മിത്തെത്തിയതോടെ ഓസീസ് പതുക്കെ പിടിമുറുക്കി. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 100 കടത്തി. ഒടുവില്‍ വാര്‍ണറെ രഹാനെയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് രാജ്യന്തര പോരാട്ടത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. രണ്ടാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഓസീസ് സ്‌കോര്‍ 144 റണ്‍സിലെത്തിയിരുന്നു.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 134 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഓസീസിന്റെ മധ്യനിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. ഷോണ്‍ മാര്‍ഷ് (നാല്), ഹാന്‍ഡ്‌സ്‌കോംപ് (എട്ട്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (എട്ട്) എന്നിവര്‍ വരിവരിയായി വിക്കറ്റ് നല്‍കി മടങ്ങിയതോടെ ആസ്‌ത്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി. ഹാന്‍ഡ്‌സ്‌കോംപിനേയും മാക്‌സ്‌വെല്ലിനേയും കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് നേട്ടം മൂന്നിലെത്തിച്ചു. എഴാമനായി ക്രീസിലെത്തിയ മാത്യു വെയ്ഡ് സ്മിത്തിനെ കാര്യമായി പിന്തുണച്ചതോടെ ഓസീസ് വീണ്ടും കളിയുടെ കടിഞ്ഞാണേന്തി. മികച്ച സ്‌കോറിലേക്കു അവര്‍ നീങ്ങുന്നതായുള്ള സൂചന ലഭിച്ച ഘട്ടത്തില്‍ അശ്വിന്‍ സ്മിത്തിനെ മടക്കി കളി ഇന്ത്യക്കനുകൂലമാക്കി വീണ്ടും തിരിച്ചു. സ്‌കോര്‍ 208ല്‍ നില്‍ക്കേ സ്മിത്തിനെ രഹാനെയുടെ കൈകളിലെത്തിച്ചാണു അശ്വിന്‍ ഓസീസിനു സമ്മര്‍ദമുണ്ടാക്കിയത്. പിന്നീട് ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് അല്‍പ നേരം പിടിച്ചു നിന്നു. എന്നാല്‍ സ്വന്തം പന്തില്‍ കമ്മിന്‍സിനെ പിടിച്ചു പുറത്താക്കി തന്റെ നാലാം വിക്കറ്റ് നേടിയ കുല്‍ദീപ് ആസ്‌ത്രേലിയക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. പിന്നാലെയെത്തിയ ഒകീഫ് റണ്ണൗട്ടായതോടെ ആസ്‌ത്രേലിയ എട്ടു വിക്കറ്റിനു 269 റണ്‍സെന്ന നിലയിലായി. പത്തമനായി ക്രീസിലെത്തിയ നതാന്‍ ലിയോണെ കൂട്ടുപിടിച്ച് മാത്യു വെയ്ഡ് ഓസീസ് സ്‌കോര്‍ 298ല്‍ എത്തിച്ചു മടങ്ങി. വെയ്ഡിന്റെ കുറ്റി തെറിപ്പിച്ച് ജഡേജ കരുത്തുകാട്ടി. സ്‌കോര്‍ ബോര്‍ഡിലേക്കു രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തു 13 റണ്‍സുമായി ലിയോണും മടങ്ങിയതോടെ ഓസീസ് ഇന്നിങ്‌സിനു അവസാനമായി. രണ്ടു റണ്‍സുമായി ഹാസ്‌ലെവുഡ് പുറത്താകാതെ നിന്നു.
23 ഓവര്‍ എറിഞ്ഞു 68 റണ്‍സ് വഴങ്ങിയാണു കുല്‍ദീപ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടു വിക്കറ്റുമായി ഉമേഷ് യാദവും ഓരോ വിക്കറ്റുകള്‍ നേടി അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവരും ഓസീസിനെ ഒതുക്കുന്നതില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."