സോളാര്‍ പദ്ധതി വ്യാപകമാക്കാന്‍ വൈദ്യുതിവകുപ്പ് തീരുമാനം
തിരുവനന്തപുരം: റൂഫ് ടോപ്പ് സോളാര്‍ യൂനിറ്റുകള്‍ വ്യാപകമാക്കാന്‍ വൈദ്യുതിവകുപ്പിന്റെ തീരുമാനം. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പദ്ധതി ആവിഷ്കരിക്കും. സോളാര്‍ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി അനെര്‍ട്ട് വഴി 1.5 കിലോവാട്ട് ബാറ്ററി സ്റ്റോറേജുള്ള പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ 2.5 കിലോവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക വഴി 15 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ കണക്ട് ശ്യംഖലാ ബന്ധിത പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
14 മെഗാവാട്ടോളം സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ച പദ്ധതിയില്‍ നാലു മെഗാവാട്ടോളം പവര്‍പ്ലാന്റുകള്‍ക്ക് പ്രതിഷ്ഠാപനത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. അതോടൊപ്പം 2012-13ല്‍ ആരംഭിച്ച പതിനായിരം സൗരഗൃഹ പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആകെ ഒന്‍പത് മെഗാവാട്ട് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പതിമൂന്നു ജില്ലകളിലെ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ 1.751 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."