ഗാന്ധി ദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യകത: സെമിനാര്‍
പാലക്കാട് : ഗാന്ധിദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കേരള ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നവകേരളം 2018 പ്രദര്‍ശന- വിപണന മേളയില്‍ നടന്ന സെമിനാറില്‍ ഗാന്ധിദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദര്‍ശനത്തിന്റെ കാലികപ്രസക്തിയെപ്പറ്റി പുനര്‍വിചിന്തനം ചെയ്യേണ്ട ആവശ്യകത, ജീവിതയാത്രയില്‍ ഗാന്ധിദര്‍ശനം നമുക്കെന്ത് നല്‍കി എന്നീ പ്രസക്തമായ ചോദ്യങ്ങളാണ് സെമിനാറില്‍ ഉയര്‍ന്നത്.
അനീതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനും ഗാന്ധിയോളം തുറന്നുപറഞ്ഞ മറ്റാരുമില്ല. തര്‍ക്കപരിഹാര മാതൃക സൃഷ്ടിക്കാനും വ്യക്തിത്വങ്ങളെ ബഹുമാനിക്കാനും ഗാന്ധിദര്‍ശനത്തിലൂടെയേ സാധിക്കൂ. വെറുപ്പിന്റെ ഭാഷ ഗാന്ധി ഒരിക്കലും ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഗാന്ധിയെ മറന്നതുകൊണ്ടാണ് സാമൂഹികനീതി ഇന്നും സന്തുലിതാവസ്ഥയില്‍ എത്താത്തത്. വിമര്‍ശനം ആരോഗ്യകരമായ ഒന്നാണെങ്കിലും ഗാന്ധിയെ വായിക്കാന്‍ പോലും മെനക്കെടാത്തവരാണ് അവയെ വികൃതമാക്കുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
പുതിയ കാലഘട്ടത്തിന് ഗാന്ധിയെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് അറിയാനുള്ള അവസരത്തില്‍ ഗാന്ധിദര്‍ശനം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രൊഫ. പി.എ. വാസുദേവന്‍ പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ കൗണ്‍സിലര്‍ എം. ശിവകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. രാജശേഖരന്‍നായര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. എം. സുരേഷ്‌കുമാര്‍, പി.കെ. വാസുദേവന്‍പിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."