മലയോരത്ത് കോഴിക്ക് പൊള്ളുന്ന വില
കുന്നുംകൈ: മലയോരത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം കിലോഗ്രാമിന് 135 രൂപയാണ് വില. റമദാന്‍ ആരംഭിച്ചതോടെ കോഴിയിറച്ചി വില 150 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെയാണ് കോഴിയിറച്ചി വില കുതിച്ചുയരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ജില്ലയിലേക്ക് കോഴി കൂടുതലായി എത്തുന്നത്. എന്നാല്‍ സീസണ്‍ നോക്കി വില കൂട്ടുന്ന തന്ത്രത്തിന്റെ ഭാഗമാണ് ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളുടെ ക്ഷാമത്തിന്റെ പേരു പറഞ്ഞ് കോഴിയിറച്ചിക്ക് വിലകൂട്ടുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതാനും ദിവസം വരെ 105-110 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിയിറച്ചിക്കാണ് കിലോഗ്രാമിന് ഒറ്റയടിക്ക് 25 രൂപ കൂട്ടിയത്. ഒരാഴ്ചയ്ക്കിടയില്‍ ശരാശരി 10 മുതല്‍ 40 രൂപവരെ വിലക്കയറ്റമുണ്ടായി.
തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ഉല്‍പാദനത്തില്‍ ഇടിവ് വന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ബീഫിനും പച്ചക്കറിക്കും വില വര്‍ധിച്ചതും റമദാന്‍ വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."