മാലിന്യപ്രശ്നം രണ്ടുവര്‍ഷത്തിനകം പരിഹരിക്കും: നാവിക അക്കാദമി
പയ്യന്നൂര്‍: നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യപ്രശ്നം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ണമായും പരിഹരിച്ച് നിലവിലെ പ്ലാന്റ് നിര്ജീവമാക്കുമെന്ന് നാവിക അക്കാദമി അധികൃതര്‍ ജന ആരോഗ്യ സംരക്ഷണ സമിതിക്ക് ഉറപ്പു നല്കി. നാവിക അക്കാദമി ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ പുനീത് ചദ്ധയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാമന്തളിയിലെ മലിന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശത്തുകാരുടെ ദുരിതങ്ങള്‍ നേരില്‍ കണ്ടറിഞ്ഞതിനു ശേഷം നാവിക അക്കാദമിയില്‍ സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് തീരുമാനമായത്.
പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞവര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പ്രശ്ന പരിഹാരം വൈകാന്‍ കാരണമായതെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് സമരസമിതി ഭാരവാഹികളെ അറിയിച്ചു. പുതിയ മാലിന്യ പ്ലാന്റിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ നിലവിലെ പ്ലാന്റിലെ പകുതി മാലിന്യങ്ങള്‍ കുറയും. ഇതോടൊപ്പം രണ്ട് മാലിന്യ പ്ലാന്റിന് കൂടി അടുത്തുതന്നെ ഭരണാനുമതി ലഭിക്കും. ഒന്നര വര്‍ഷം കൊണ്ടുതന്നെ രണ്ട് പ്ലാന്റുകളും പ്രവര്‍ത്തനസജ്ജമാകും. രണ്ടുവര്‍ഷം കൊണ്ട് മാലിന്യപ്രശ്നം പൂര്‍ണമായും ഇല്ലാതാക്കുമെന്നും നാവിക അധികൃതര്‍ രേഖാമൂലം ഉറപ്പ് നല്കി.
കഴിഞ്ഞ കരാറില്‍ പറഞ്ഞതു പ്രകാരമുള്ള പ്ലാന്റ് വികേന്ദ്രീകരണ പ്രവൃത്തികള്‍ നടത്തുമെന്നും നിലവില്‍ പ്ലാന്റിന്റെ പൈപ്പ് ലൈനിന്റെ ചോര്‍ച്ച പരിഹരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ സമരസമിതി ഭാരവാഹികളെ അറിയിച്ചു. എം.ഇ.എസ് ചീഫ് എന്‍ജിനീയര്‍ കേണല്‍ അമന് വസിഷ്ഠ, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ് കുമാര്‍, പി.ആര്.ഒ ആര്.ജി അജിത്ത് എന്നിവരും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ജന ആരോഗ്യ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന്, കണ്‍വീനര്‍ കെ.പി രാജേന്ദ്രന്, പി.കെ നാരായണന്, വിനോദ് കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, കെ.എം അനില്‍കുമാര്‍, സുധേഷ് പൊതുവാള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."