പൂതാടിയില്‍ ഭരണം അവതാളത്തിലെന്ന് പ്രതിപക്ഷം
കല്‍പ്പറ്റ: പൂതാടി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ്, ലൈഫ് പദ്ധതികള്‍ അവതാളത്തിലാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം 2017-18-ല്‍ ആറു കോടിയിലധികം രൂപ തൊഴിലുറപ്പ് മേഖലയില്‍ ചിലവഴിച്ചപ്പോള്‍ 40 ശതമാനം തുകയായ 2.40 കോടി രൂപയുടെ മെറ്റീരിയല്‍ പ്രവൃത്തി നടത്താമെന്നിരിക്കെ നാളിതുവരെ ഒരു രൂപയുടെ പോലും പ്രവൃത്തി ടെണ്ടര്‍ ചെയ്യാനോ നടപ്പിലാക്കാനോ സാധിച്ചിട്ടില്ല.
ഒട്ടേറെ നടപ്പാതകളും ഗ്രാമീണ റോഡുകളും കോണ്‍ക്രീറ്റ് ചെയ്യാമായിരുന്ന പദ്ധതി ഭരണകക്ഷിയുടെ കെടുകാര്യസ്ഥത മൂലമാണ് നഷ്ടമായത്.
ഇതിലൂടെ ആയിരക്കണക്കിന് തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. 2018-19 വര്‍ഷത്തെ തൊഴിലുറപ്പ് മേഖലയില്‍ ഒട്ടേറെ പഞ്ചായത്തുകള്‍ 40 ദിവസം വരെ പണി നല്‍കിയപ്പോള്‍ ഇവിടെ ഒറ്റദിവസത്തെ പണി പോലും നല്‍കാന്‍ കഴിയാത്തത് ക്രൂരതയാണ്.
ലൈഫ് പദ്ധതിയില്‍ ഒറ്റ വീട് പോലും നാളിതുവരെ എഗ്രിമെന്റ് വച്ച് പ്രവൃത്തി ആരംഭിച്ചിട്ടില്ല. 24,97,40000 രൂപ ചിലവ് വരുന്ന പദ്ധതിക്ക് പഞ്ചായത്തിന്റെ കൈയ്യിലുള്ളത് 81 ലക്ഷം രൂപ മാത്രമാണ്.
2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടിയുടെ ഭവനപദ്ധതി രാഷ്ട്രീയ മുതലെടുപ്പിനായി ഉപേക്ഷിച്ച ഇടതുമുന്നണി ജനങ്ങളെ വഞ്ചിക്കുകയാണ്.
2015ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഷോപ്പിങ് കോംപ്ലക്‌സ് നാളിതുവരെ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അനുവദിച്ചതും, പൂര്‍ത്തീകരിച്ചതുമായ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളുടെയും വയനാട് ജില്ലാപഞ്ചായത്ത് അനുവദിച്ച് പൂര്‍ത്തിയാക്കിയ റോഡുകളുടെയും മറ്റും ഉദ്ഘാടനത്തിന് മുമ്പില്‍ നില്‍ക്കുന്ന പ്രസിഡന്റും നേതാക്കളും രണ്ടരവര്‍ഷം കൊണ്ട് പഞ്ചായത്ത് തനതായ ഏതെങ്കിലും പ്രവൃത്തി ചൂണ്ടിക്കാണിക്കാനില്ലെന്നത് ഭരണപരാജയത്തിന്റെ നേര്‍കാഴ്ചയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 60 ശതമാനം മാത്രം തുക ചിലവഴിച്ച് ജില്ലയില്‍ ഏറ്റവും പിന്നിലാണ് പൂതാടിയുടെ സ്ഥാനമെന്നത് നാണക്കേടാണ്.
സമസ്ത മേഖലയിലും പൂതാടി പഞ്ചായത്തിനെ പിന്നോട്ട് നയിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും അല്ലാത്തപക്ഷം അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.എം സുധാകരന്‍, വി.ആര്‍ പുഷ്പന്‍, ജോര്‍ജ് പുല്‍പ്പാറ, ഉണ്ണികൃഷ്ണന്‍, മേഴ്‌സി സാബു, പ്രിയമുരളീധരന്‍, ലതാ മുകുന്ദന്‍, ബിന്ദു സജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."